Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ ഭൂപടം വീണ്ടും മാറുന്നു: ഹിന്ദി ബെല്‍റ്റില്‍ നിറംമങ്ങി ബിജെപി

370-ാം വകുപ്പ് എടുത്തു കളയല്‍, കശ്മീര്‍ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തും

colour change of indian political map
Author
Ranchi, First Published Dec 23, 2019, 6:07 PM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിനൊടുവില്‍ അതിശക്തമായി മുന്നോട്ട് പോയ ബിജെപിക്ക് താത്കാലികമായി തിരിച്ചടിയാവുകയാണ് 2019-ന് ഒടുവില്‍ വന്ന ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം. മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായ ക്ഷീണത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ജാര്‍ഖണ്ഡും കൈവിടുന്നതോടെ ശക്തിമേഖലയായ ഹിന്ദി ബെല്‍റ്റില്‍ കരുത്ത് കുറയും. 2017 ഡിസംബര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ബിജെപി ഭരണത്തിന് കീഴിലായിരുന്നു. 

എന്നാല്‍ കൃത്യം രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതു 40 ശതമാനത്തിനും താഴേക്ക് പോകുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായതാണ് ഇതിനു കാരണം. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി അഞ്ച് വര്‍ഷം തികച്ചു ഭരിച്ച ആദ്യത്തെ സര്‍ക്കാര്‍ എന്ന വിശേഷണത്തോടെയാണ് രഘുബര്‍ ദാസും ബിജെപിയും തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. 

എന്നാല്‍ 2014-ല്‍ 37 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപി 25 സീറ്റിലേക്ക് വീഴുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച മാറിയതും മുഖ്യമന്ത്രി രഘുബര്‍ ദാസും സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും ബിജെപിക്ക് ഇരട്ട പ്രഹരമായി. മന്ത്രിമാരുടെ കൂട്ടത്തോല്‍വിയും നഗരമേഖലയിലുണ്ടായ തിരിച്ചടിയും വിരല്‍ ചൂണ്ടുന്നത് ശക്തമായ ഭരണവിരുദ്ധ വികാരത്തിലേക്ക് കൂടിയാണ്. 

81 സീറ്റുകളിലേക്കുള്ള ഝാര്‍ഖണ്ഡ് തെര‍ഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്. ഇതില്‍ അവസാനത്തെ രണ്ട് ഘട്ടങ്ങളിലായി 31 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായിരുന്നു. ഈ ഘട്ടത്തില്‍ ഝാര്‍ഖണ്ഡില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ ആണ് വസ്ത്രം നോക്കി പ്രക്ഷോഭകാരികളിലെ അക്രമികളെ തിരിച്ചറിയാം എന്ന പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. 

ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു അവസാന രണ്ട് ഘട്ടത്തിലും വോട്ടെടുപ്പ് നടന്നതെങ്കിലും ആകെയുള്ള 31 സീറ്റുകളില്‍ 12 എണ്ണം മാത്രമാണ് താമര പാര്‍ട്ടിക്ക് ജയിക്കാനായത്. അയോധ്യ കേസില്‍ അന്തിമവിധി വന്ന ശേഷം നടന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഝാര്‍ഖണ്ഡിലേത്. 

370-ാം വകുപ്പ് എടുത്തു കളയല്‍, കശ്മീര്‍ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തും എന്നുറപ്പാണ്. ആറ് മാസം മുന്‍പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ 14 സീറ്റിലും 12ഉം നേടിയ അവസ്ഥയില്‍ നിന്നാണ് ഈ തിരിച്ചടി. 

ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലും ഒഡീഷയിലും തെരഞ്ഞെടുപ്പ് ഫലം സ്വാധീനമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ജാര്‍ഖണ്ഡിലെ ഒരു സീറ്റില്‍ ജയിക്കുകയും പല സീറ്റുകളില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു കൊണ്ട് ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡി നടത്തിയ മുന്നേറ്റം ജെഡിയുവിനേയും നിതീഷ് കുമാറിനേയും ഞെട്ടിച്ചിട്ടുണ്ട്. 

ജാര്‍ഖണ്ഡിലേത് പോലെ മുസ്ലീം-യാദവ വോട്ടുകളുടെ ധ്രുവീകരണമുണ്ടായാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ജെഡിയുവിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും. പാര്‍ലമെന്‍റില്‍ ബിജെപിക്ക്  പിന്തുണ നല്‍കുന്ന ഒഡീഷയിലെ ബിജു ജനതാദളിനേയും ജാര്‍ഖണ്ഡ് ഫലം പിടിച്ചുലയ്ക്കും. പൗരത്വ ഭേദഗതി ബില്ലിനെ പാര്‍ലമെന്‍റില്‍ പിന്തുണയ്ക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുകയും ചെയ്യുന്ന ജെഡിയുവും ബിജു ജനതാദളും ഇക്കാര്യത്തില്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കാനാണ് സാധ്യത.

അതേസമയം ഝാര്‍ഖണ്ഡില്‍ കേവലഭൂരിപക്ഷമായ 41 സീറ്റുകളില്‍ ജയം ഉറപ്പിച്ചെങ്കിലും കൂടുതല്‍ ചെറുകക്ഷികളെ കൂടെ കൂട്ടാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. ഝാര്‍ഖണ്ഡിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആര്‍പിഎന്‍ സിംഗിനോടും ഹേമന്ത് സോറനോടും ജാര്‍ഖണ്ഡ് വിമുക്തി മോര്‍ച്ച അടക്കമുള്ള ചെറുപാര്‍ട്ടികളുമായും സ്വതന്ത്രരുമായും ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ബിജെപിയുമായി സഹകരിച്ചിരുന്ന ബാബുലാല്‍ മറാണ്ടിയുടെ ജെവിഎം. ആരുമായും സഹകരണമാവാം എന്ന നിലപാടിലാണിപ്പോള്‍. വൈകിട്ട് ആറ് മണിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്ക് അനുസരിച്ച് ജെഎംഎം 29 സീറ്റിലും കോണ്‍ഗ്രസ് 15 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 

ഇതോടൊപ്പം കോണ്‍ഗ്രസ് സഖ്യത്തിലുള്ള ആര്‍ജെഡി, എന്‍സിപി എന്നീ പാര്‍ട്ടികള്‍ ഒരോ സീറ്റിലും സിപിഐഎംഎല്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. നിലവില്‍ കേവലഭൂരിപക്ഷത്തിനും മുകളില്‍ മഹസഖ്യത്തിന് സീറ്റുകള്‍ ലഭിക്കുമെങ്കിലും കര്‍ണാടക, ഗോവ മോഡല്‍ നീക്കങ്ങള്‍ക്ക് ബിജെപി നീങ്ങും എന്നതിനാല്‍ ചെറുപാര്‍ട്ടികളെ കൂടി ഒപ്പം ചേര്‍ത്ത് ഭൂരിപക്ഷം 50 കടത്താനാവും കോണ്‍ഗ്രസ് താത്പര്യപ്പെടുക. 

Follow Us:
Download App:
  • android
  • ios