കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും മോചനത്തിനായി നൈജീരിയൻ അധികൃതരുമായി ബന്ധപ്പെടുന്നതായും എംബസി അറിയിച്ചു.

ദില്ലി: സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിൽ ഹൈക്കമ്മീഷനുമായി ചേർന്ന് ശ്രമം തുടരുകയാണെന്ന് എക്വിറ്റോറിയൽ ഗിനി എംബസി. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും മോചനത്തിനായി നൈജീരിയൻ അധികൃതരുമായി ബന്ധപ്പെടുന്നതായും എംബസി അറിയിച്ചു. നിലവിൽ ജീവനക്കാരെ കരുതൽ കേന്ദ്രത്തിൽ നിന്നും കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. 

കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയിൽ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 3 മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്.