ഹിമാചൽ തെരഞ്ഞെടുപ്പ്: ചിത്രത്തിലില്ലാതെ ആംആദ്മി, കാടിളക്കി വന്ന് പിൻവലിഞ്ഞെന്ന് വിമർശനം, ശ്രദ്ധ ഗുജറാത്തിൽ

By Web TeamFirst Published Nov 10, 2022, 3:51 PM IST
Highlights

സംസ്ഥാനത്ത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് പിൻവാങ്ങൽ. ഗുജറാത്തിൽ മാത്രം നേതാക്കൾ ശ്രദ്ധയുന്നുന്നതില്‍ അണികളും നിരാശരാണ്.

ഷിംല : കാടിളക്കി പ്രചാരണം തുടങ്ങിയ ആംആദ്മി പാ‌ർട്ടി ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽനിന്ന് മായുന്നു. കെജ്രിവാളുൾപ്പടെ കേന്ദ്രനേതാക്കളാരും അവസാനഘട്ടത്തിൽ പ്രചാരണത്തിനില്ല. സംസ്ഥാനത്ത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് പിൻവാങ്ങൽ. ഗുജറാത്തിൽ മാത്രം നേതാക്കൾ ശ്രദ്ധയുന്നുന്നതില്‍ അണികളും നിരാശരാണ്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ആപ്പ് ഇനി, ആർക്ക് ആപ്പ് വയ്ക്കുമെന്നതാണ് നി‌ർണായകം. 

പഞ്ചാബിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഹിമാചലും തൂത്തുവാരാമെന്ന ലക്ഷ്യത്തിൽ പ്രവ‌ർത്തനം തുടങ്ങി രംഗത്തിറങ്ങിയതാണ് ആംആദ്മി പാർട്ടി. 68 ൽ 67 മണ്ഡലങ്ങളിലും നേരത്തെ സ്ഥാനാ‌ർത്ഥികളെയും പ്രഖ്യാപിച്ചു. ഇതോടെ ത്രികോണ പോരിന് കളമൊരുങ്ങി. എന്നാൽ ആവേശം പിന്നീട് പതിയെ പതിയെ ഇല്ലാതാകുന്നതാണ് കണ്ടത്. കാരണങ്ങൾ പലതാണ്. കോൺഗ്രസിനും ബിജെപിക്കും വലിയ സംഘടനാ സംവിധാനങ്ങളുള്ള സംസ്ഥാനത്ത് കളി എളുപ്പമല്ല. 

പാർട്ടിക്കകത്തും പ്രശ്നങ്ങൾ തലപൊക്കി. ഒപ്പം ഗുജറാത്തിൽ ശ്രദ്ദയൂന്നുന്നതാകും നേട്ടമുണ്ടാക്കാൻ കഴിയുകയെന്ന് നേതൃത്ത്വം വിലയിരുത്തി. ഇതോടെ ആപ്പ് പത്തി മടക്കിയെന്ന് വിലയിരുത്തലായി. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സീ വോട്ടർ സർവേയിൽ 3 ശതമാനം വോട്ട് മാത്രമാണ് ആപ്പ് നേടുകയെന്നാണ് പ്രവചനം. എന്നാൽ 5 മണ്ഡലങ്ങളിൽ പാർട്ടി ശക്തമായ വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷ. 

കാംഗ്ര ഫത്തേപൂ‌ർ മണ്ഡലത്തിൽ മത്സരിക്കുന്ന മുൻ ബിജെപി എംപി രാജൻ സുഷാന്ത്, സി‌ർമൗർ പവോന്താ സാഹിബ് മണ്ഡലത്തിലെ സ്ഥാനാ‌ർത്ഥിയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന മനീഷ് താക്കൂർ, സോലനിൽ മത്സരിക്കുന്ന മുൻ ബിജെപി എസ് സി മോർച്ചാ അധ്യക്ഷനായിരുന്ന ഹർമേൽ ധിമാൻ , കസൗളിൽ മത്സരിക്കുന്ന മുൻ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കൂടിയായിരുന്ന ധരം പാൽ ചൗഹാൻ, മണ്ഡി നാചനിൽനിന്നുള്ള ജബ്ന ചൗഹാൻ എന്നിവരാണ് മത്സരം കടുപ്പിക്കുമെന്ന് പാർട്ടി കരുതുന്നത്. അതേസമയം നഗരമേഖലകളിലെങ്കിലും ശക്തമായ സാന്നിധ്യമാകുമെന്ന പ്രതീക്ഷ പാ‌ർട്ടി ഇനിയും കൈവിട്ടിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 68 ൽ 34 മണ്ഡലങ്ങളിൽ അയ്യായിരത്തിൽ താഴെ ഭൂരിപക്ഷത്തിനാണ് സ്ഥാനാ‌ർത്ഥികൾ വിജയിച്ചത്. വിമത ഭീഷണിയും ശക്തമായ ഇത്തവണ ആപ്പിന് കിട്ടുന്ന വോട്ട് ബിജെപിയുടെയും കോൺഗ്രസിന്റെയും ജയപരാജയങ്ങളിൽ നിർണായകമാകുമെന്ന് ചുരുക്കം.

Read More : ഹിമാചൽ ഇഞ്ചോടിഞ്ച്, ബിജെപിക്ക് നേരിയ മുൻതൂക്കം, കോൺഗ്രസ് കുതിക്കും, ആപ്പ് ചലനമുണ്ടാക്കില്ല, എബിപി-സീ സർവെ ഫലം

click me!