31 മുതൽ 39 വരെ സീറ്റ് നേടി ബി ജെ പി ഭരണം നിലനിർത്തിയേക്കുമെന്നാണ് എ ബി പി - സീ വോട്ടർ സർവെ പറയുന്നത്. ഭരണം തിരിച്ചുപിടിക്കാൻ കച്ചകെട്ടിയ കോൺഗ്രസ് 29 മുതൽ 37 വരെ സീറ്റ് നേടാനുള്ള സാധ്യതയുണ്ടെന്നും സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്

സിംല: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന് കേവലം മൂന്ന് ദിനം മാത്രമുള്ളപ്പോൾ പോരാട്ടം ഇഞ്ചോടിഞ്ചാകുമെന്ന് വ്യക്തമാക്കി ഏറ്റവും പുതിയ അഭിപ്രായ സർവെ ഫലം പുറത്ത്. എ ബി പി - സീ വോട്ടർ സർവെയാണ് സംസ്ഥാനത്ത് പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് പ്രവചിച്ചിരിക്കുന്നത്. പോരാട്ടം കനക്കുമെങ്കിലും ബി ജെ പിക്ക് നേരിയ മുൻതൂക്കമുണ്ടെന്നാണ് സർവെ ഫലം പറയുന്നത്. എന്നാൽ കോൺഗ്രസ് കുതിപ്പ് നടത്തി ഫോട്ടോ ഫിനിഷിലേക്ക് തെരഞ്ഞെടുപ്പ് ഫലം എത്തിക്കുമെന്നും സർവെ ചൂണ്ടികാട്ടുന്നു. 31 മുതൽ 39 വരെ സീറ്റ് നേടി ബി ജെ പി ഭരണം നിലനിർത്തിയേക്കുമെന്നാണ് എ ബി പി - സീ വോട്ടർ സർവെ പറയുന്നത്. ഭരണം തിരിച്ചുപിടിക്കാൻ കച്ചകെട്ടിയ കോൺഗ്രസ് 29 മുതൽ 37 വരെ സീറ്റ് നേടാനുള്ള സാധ്യതയുണ്ടെന്നും സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവസാന നിമിഷത്തെ അടിയൊഴുക്കുകളാകും തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുകയെന്നാണ് വ്യക്തമാകുന്നത്. ബിജെപി 45% വോട്ടും കോൺഗ്രസ് 44% വോട്ടും നേടുമെന്ന് പ്രവചിക്കുന്ന സർവെ എ എ പി സംസ്ഥാനത്ത് ചലനമുണ്ടാക്കില്ലെന്നും ചൂണ്ടികാട്ടുന്നു. ഭരണ തുടർച്ച സാധ്യത നിലനിൽക്കുമ്പോഴും കോൺഗ്രസ് ശക്തമായ വെല്ലുവിളി ഉയർത്തുന്നു എന്നതാണ് സർവെയുടെ മൊത്തത്തിൽ ചൂണ്ടികാട്ടുന്നതെന്നാണ് വിലയിരുത്തൽ.

നവംബറിൽ എ ബി പി-സി വോട്ടർ നടത്തിയ സർവെയുടെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബറിൽ ബി ജെ പി അധികാരത്തിൽ തിരിച്ചെത്തുമെന്ന് 50 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടിടത്താണ് ഏറ്റവും പുതിയ സർവേയിൽ ഇത് 45 ശതമാനമായി കുറഞ്ഞത്. കോൺഗ്രസാകട്ടെ ഒക്ടോബറിലെ സർവെയിലെ 35 ശതമാനത്തിൽ നിന്നാണ് 44 ശതമാനത്തിലേക്കുള്ള കുതിപ്പ് നടത്തിയിരിക്കുന്നത്.

'കോൺഗ്രസ് എന്നാല് അഴിമതിക്കാരും വികസനം മുടക്കികളും,ബിജെപിയുടെ ഡബിൾ എഞ്ചിൻ സര്‍ക്കാര്‍ ഹിമാചലില്‍ തുടരണം' മോദി

ബി ജെ പിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിക്കുന്നത്. മറുവശത്ത് കോൺഗ്രസിനാകട്ടെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചരണം നയിക്കുന്നത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോൺഗ്രസിന്‍റെ പ്രധാനമുഖം.