
ഷിംല: കഴിഞ്ഞ രണ്ടര വർഷത്തിനിടെ സംസ്ഥാനത്ത് അടച്ചു പൂട്ടിയത് 1,200 സ്കൂളുകളെന്ന് ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂർ. ഇതിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ മാത്രം അടച്ചു പൂട്ടിയത് 450 സ്കൂളുകളെന്നും മന്ത്രി. മറ്റു സ്കൂളുകളിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം കുറവായത് കാരണം ലയിപ്പിക്കേണ്ടി വന്നു. വിദ്യാഭ്യാസ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ സ്കൂളുകളുടെ ലയനവും പുനഃസംഘടനയും പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
6 മുതൽ 12 വരെ ക്ലാസുകളിൽ 25 ൽ താഴെയാണ് കുട്ടികളുടെ എണ്ണമെങ്കിൽ സ്കൂളുകൾ മറ്റു പ്രധാന സ്കൂളുമായി ലയിപ്പിക്കും. അതേ സമയം ഒരു വിദ്യാർത്ഥി പോലുമില്ലാത്ത 100 സ്കൂളുകളെ ഡീനോട്ടിഫൈ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ക്ലാസ് 4 ലെ ഒഴിവുള്ള തസ്തികകളിൽ 2025 മാർച്ച് 31 വരെ 11 വർഷത്തെ സേവനം പൂർത്തിയാക്കിയ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന 778 പാർട്ട് ടൈം വാട്ടർ കാരിയർമാരെ സ്ഥിരപ്പെടുത്തിയതായും ഹിമാചൽ സർക്കാർ അറിയിച്ചു.
പ്രാഥമിക വിദ്യാഭ്യാസ വകുപ്പിലെ 3900 തസ്തികകൾ ഉൾപ്പെടെ 15000 അധ്യാപക തസ്തികകൾ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. പ്രീ-പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി 6200 നഴ്സറി അധ്യാപകരെ നിയമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 200-ലധികം ആക്ടിംഗ് പ്രിൻസിപ്പൽമാരുടെ സേവനം സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 483 അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരിയിൽ പുറത്തിറങ്ങിയ 'ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്' അനുസരിച്ച്, സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വായനാ വൈദഗ്ദ്ധ്യത്തിൽ ഹിമാചൽ പ്രദേശ് ആയിരുന്നു രാജ്യത്തേറ്റവും മികച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam