
ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദിൽ ജനങ്ങൾക്ക് വാളടക്കം ആയുധങ്ങൾ വിതരണം ചെയ്ത് തീവ്രസംഘടന. തീവ്രസംഘടനയായ ഹിന്ദു രക്ഷാ ദളാണ് ആയുധവിതരണം നടത്തിയത്. ജിഹാദികളെ നേരിടാനാണ് ആയുധങ്ങൾ വീടുകളിൽ വിതരണം ചെയ്തതെന്ന് ഇവർ പറയുന്നു. നഗരത്തിൽ റോഡരികിൽ നൂറുകണക്കിന് ആയുധങ്ങൾ നിരത്തിവെച്ച് സ്റ്റാൾ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകൾ, മഴു, കുന്തം എന്നിവയുൾപ്പെടെ നിരവധി മൂർച്ചയുള്ള ആയുധങ്ങൾ സ്റ്റാളിൽ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ കേസ് എടുത്ത് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തു. ഹിന്ദു രക്ഷാ ദൾ (എച്ച്ആർഡി) അംഗങ്ങൾ ആളുകൾക്ക് വാളുകൾ വിതരണം ചെയ്യുന്നതും ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ പറയുന്നതും കാണിക്കുന്ന വീഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടിയെടുത്തത്.
സംഘടനയുമായി ബന്ധമുള്ള 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഷാലിമാർ ഗാർഡൻ സർക്കിളിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) അതുൽ കുമാർ സിംഗ് പറഞ്ഞു. എച്ച്ആർഡി മേധാവി പിങ്കി ചൗധരി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഇവർ ആയുധം വിതരണം ചെയ്യാൻ ശ്രമിച്ചതെന്ന് ട്രാൻസ്-ഹിൻഡൺ സോണിലെ ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു. ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാർ കൊല്ലപ്പെട്ടതുപോലെ സംഭവിക്കാതിരിക്കാൻ, നമ്മൾ നമ്മുടെ ഹിന്ദു സഹോദരന്മാർക്ക് വാളുകൾ വിതരണം ചെയ്യുന്നു. ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കാൻ വാളുകൾ സൂക്ഷിക്കണം. ഞങ്ങൾ ഏകദേശം 250 വാളുകൾ വിതരണം ചെയ്തു. ഇനിയും വിതരണം ചെയ്യുമെന്നും ഇവർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam