
ദിയോറിയ: ഉത്തർപ്രദേശിലെ ദിയോറിയയിൽ കാണാതായ പ്രിയപ്പെട്ട വളർത്തുപൂച്ചയെ കണ്ടെത്താൻ വിപുലമായ തെരച്ചിലുമായി ഒരു കുടുംബം. 'ഹൂർ' എന്ന് പേരുള്ള പൂച്ചയെ കണ്ടെത്തി നൽകുന്നവർക്കോ അല്ലെങ്കിൽ കൃത്യമായ വിവരം നൽകുന്നവർക്കോ 10,000 രൂപ പ്രതിഫലം നൽകുമെന്നാണ് കുടുംബം പ്രഖ്യാപിച്ചിരിക്കുന്നത്. ദിയോറിയയിലെ തിരക്കേറിയ ജംഗ്ഷനുകളിലെല്ലാം പൂച്ചയുടെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. ദിയോറിയയിലെ ന്യൂ കോളനിയിൽ താമസിക്കുന്ന യുസഫ് ചിഷ്തിയുടെ പൂച്ചയെ ഡിസംബർ 21-നാണ് കാണാതായത്. മുറ്റത്തെ വാതിൽ തുറന്നു കിടന്നപ്പോൾ പൂച്ച പുറത്തേക്ക് പോയതാകാം എന്നാണ് കുടുംബം കരുതുന്നത്.
പേർഷ്യൻ-ഇന്ത്യൻ മിക്സഡ് ഇനത്തിൽപ്പെട്ട വെളുത്ത നിറത്തിലുള്ള പൂച്ചയാണ് ഹൂർ. യുസഫിന്‍റെ മകൾ ഈമാൻ 2022ൽ ഡൽഹിയിൽ നിന്നാണ് ഇതിനെ ദത്തെടുത്തത്. ഹൂർ തങ്ങൾക്ക് വെറുമൊരു വളർത്തുമൃഗമല്ല, മറിച്ച് കുടുംബാംഗമാണെന്ന് ഈമാൻ പറയുന്നു. ദിവസങ്ങളോളം തനിയെ തിരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഡിസംബർ 29-ന് യുസഫ് ചിഷ്തി സദർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഓൺലൈൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പൂച്ചയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ, പ്രദേശത്തെ ശുചീകരണ തൊഴിലാളികൾക്കും കുടുംബം വിവരം നൽകിയിട്ടുണ്ട്. ഹൂറിനെ കണ്ടെത്തുന്നവർക്ക് പ്രതിഫലത്തിന് പുറമെ മറ്റ് സമ്മാനങ്ങളും നൽകുമെന്ന് കുടുംബം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam