
ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാജ്യത്ത് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിൽ യുവതികളോ സ്ത്രീകളോ ഒക്കെത്തന്നെ ഷൂട്ട് ചെയ്യുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാവാറുമുണ്ട്. ഇത്തരത്തിൽ ഗോവൻ യാത്രക്കിടയിൽ തനിക്കുണ്ടായ വളരെ മോശമായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സൗമ്യ ഖന്ന എന്ന യുവതി. വിനോദ സഞ്ചാരിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പുരുഷന്മാർ പിന്നാലെക്കൂടിയത് ഓരോ സന്ദർഭങ്ങളും വീഡിയോയിലൂടെ സൗമ്യ പങ്കുവച്ചിട്ടുണ്ട്. ചാർജ് എത്രയാണ് ? എന്ന് ചോദിച്ച് യുവതിയുടെ പിന്നാലെ കൂടുന്നതും വളരെ മോശമായി സംസാരിക്കുന്നതുമടക്കം വീഡീയോയിൽ കാണാം..
'ഈ വീഡിയോ കണ്ട് എന്താണ് ധരിച്ചത് എന്നെന്നോട് ചോദിക്കും മുൻപെ തന്നെ പറയുകയാണ്, മുഴുവനായി കവർ ചെയ്ത ഒരു പാന്റ്സും ഷർട്ടും- എന്നിട്ടും കാര്യമൊന്നുമില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവധിക്കാലത്ത് ഗോവ സന്ദർശിക്കാനെത്തിയതായിരുന്നു സൗമ്യ. പോസ്റ്റ് ചെയ്ത വീഡിയോയിൽ 3 പുരുഷന്മാരാണ് ഇത്തരത്തിൽ യുവതിയോട് മോശമായി സംസാരിക്കുന്നത്. "എത്രയാണ് ചാർജ്?", "നീ എവിടെ നിന്നാണ്?", "നീ ഇന്ത്യക്കാരിയാണോ അതോ വിദേശിയാണോ?" എന്നെല്ലാം ചോദിക്കുന്നത് കേൾക്കാം.
വീഡിയോ ഓൺലൈനിൽ വൈറലാണ്. വീഡിയോക്ക് താഴെ പല തരം അഭിപ്രായങ്ങളും ചർച്ചകളുമെല്ലാം നടക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച് ഗോവയിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ചും പലരും ഓർത്തെടുക്കുന്നുണ്ട്. “പ്രശ്നം ഗോവയോ ദില്ലിയോ അല്ല, പുരുഷന്മാരാണ്”- എന്നാണ് ഇതിലെ ഒരു കമന്റ്. “ഗോവയെ ഇന്ത്യയിൽ നിന്ന് എടുത്തു കളയണം“ എന്നാണ് മറ്റൊരു കമന്റ്. “സ്ത്രീകൾ പുരുഷന്മാരോടും ഇങ്ങനെ ചെയ്യാറുണ്ട്“ എന്ന് മറ്റൊരു കമന്റും കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam