
ദില്ലി: ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ എംപി. ചെങ്കോട്ടയിൽ ഉണ്ടായത് സുരക്ഷാ വീഴ്ച്ചയാണെന്ന് കെസി വേണുഗോപാൽ വിമർശിച്ചു. സ്ഫോടനത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വെക്കണം. മുംബൈ ആക്രമണം നടന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രി രാജി വെച്ചു. രാജ്യ സുരക്ഷയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി.
ദില്ലി സ്ഫോടനത്തെ പറ്റിയുള്ള പ്രസ്താവനയെ ചൊല്ലി കോൺഗ്രസ് - ബിജെപി വാക്പോര്. രാജ്യത്തിനകത്ത് ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. അതിനിടെ സ്ഫോടനത്തെ അപലപിച്ചുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെയും ദില്ലി ഘടകത്തിൻ്റെയും പ്രസ്താവനകളിലെ അന്തരവും ചർച്ചയായി.
വിദേശത്ത് നിന്നും പരിശീലനം ലഭിച്ചു നുഴഞ്ഞു കയറുന്നവരെ കൂടാതെ രാജ്യത്തിനകത്തും ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്നു ഓപ്പറേഷൻ സിന്ദൂറിനെ പറ്റി പാർലമെൻ്റിൽ നടന്ന ചർച്ചയിലാണ് ചിദംബരം ആദ്യം പറഞ്ഞത്. ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് ചിദംബരം വീണ്ടും ഓർമിപ്പിച്ചു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ തന്ത്രപൂർവം മിണ്ടാതിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. വിദ്യാഭ്യാസമുള്ള ഇവർ ഭീകരരാകുന്ന സാഹചര്യവും ചർച്ച ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എന്നാൽ ചിദംബരത്തിൻ്റെ പ്രസ്താവന ഭീകരരെ വെള്ള പൂശുന്നതാണെന്നാണ് ബിജെപി വിമർശനം. ഭീകരരെ ഇരകളായി ചിത്രീകരിക്കുന്ന പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതിനിടെ, സ്ഫോടനത്തെ അപലപിച്ചുള്ള സിപിഎം പിബിയുടെ പ്രസ്താവനയിൽ കേന്ദ്ര സർക്കാരിനെ കാര്യമായി വിമർശിച്ചിരുന്നില്ല. കുറ്റക്കാരെ കണ്ടെത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട് എന്ന് മാത്രമാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഉള്ളത്. അതേസമയം ആഭ്യന്തര മന്ത്രാലയത്തെ രൂക്ഷമായി വിമർശിച്ചാണ് ദില്ലി ഘടകത്തിൻ്റെ പ്രസ്താവന. ഇൻ്റലിജൻസ് സംവിധാനങ്ങളുടെ സമ്പൂർണ പരാജയമാണ് സ്‌ഫോടനത്തിലൂടെ വെളിവാകുന്നതെന്നും, ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. പിബി പ്രസ്താവനയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താത്തതിനെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam