ആളിക്കത്തി തമിഴ്‌നാട് നിയമസഭ, വിജയ്‍യുടെ ആരോപണങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ; മിസ പരാമർശം നീക്കാനാകില്ലെന്ന് സ്പീക്കർ

Published : Sep 08, 2026, 11:05 AM IST
vijay tn assembly

Synopsis

തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സർക്കാരിയ കമ്മീഷൻ പരാമർശങ്ങളെച്ചൊല്ലി ഡിഎംകെ പ്രതിഷേധം ശക്തമാക്കി. വിജിലൻസ് അന്വേഷണത്തിലുള്ള കേസുകൾ പരാമർശിച്ചത് ചട്ടലംഘനമാണെന്ന് ഡിഎംകെ ആരോപിച്ചപ്പോൾ, പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കാൻ സ്പീക്കർ വിസമ്മതിച്ചു. ഇതോടെ സഭയിൽ വാക്കേറ്റവും കയ്യാങ്കളിയും തുടർന്നു.

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സർക്കാരിയ കമ്മീഷൻ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടർന്ന് ഇന്നും നിയമസഭയിൽ കടുത്ത വാക്കേറ്റവും കയ്യാങ്കളിയും. മുഖ്യമന്ത്രി സഭയിൽ സംസാരിക്കുമ്പോൾ വിജിലൻസ് അന്വേഷണത്തിലുള്ള കേസുകൾ വായിച്ചു കേൾപ്പിച്ചത് സഭാനടപടിക്രമങ്ങളുടെ ലംഘനമാണെന്ന് ഡിഎംകെ എംഎൽഎ ഇ വി വേലു ആരോപിച്ചു. അന്വേഷണത്തിലുള്ള കേസുകളിൽ പരാമർശം നടത്തുന്നത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ഡിഎംകെയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ആധവ് അർജുന രംഗത്തെത്തി. ഭരണകക്ഷി പറയുന്ന കാര്യങ്ങൾ കേൾക്കാൻ ഡിഎംകെ തയ്യാറാകുന്നില്ലെന്നും സഭയിൽ താൻ സംസാരിക്കാൻ എഴുന്നേൽക്കുമ്പോഴെല്ലാം തടസപ്പെടുത്താനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെയ്ക്ക് വിജയ്‍യെയും ഭരണകക്ഷിയെയും ഭയമാണെന്നും ഭരണകക്ഷിയുടെ വാദങ്ങൾ കേൾക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിനിടെ, മിസയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കർ ജെ സി ഡി. പ്രഭാകർ തള്ളി. മുൻപ് സഭയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്നും അതിനാൽ പ്രസംഗ ഭാഗങ്ങൾ നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സഭാ നടപടികൾക്കിടയിലാണ് മുഖ്യമന്ത്രി വിജയ് ഡിഎംകെയ്ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത്.

ഡിഎംകെ പാർട്ടി ഫണ്ടിന്‍റെ പേരിൽ അഴിമതി നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ടെന്നും, ഇതിൽ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നും വിജയ് ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധി പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ഡിഎംകെ സഭയിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്പീക്കറുടെ ഇരിപ്പിടം വളഞ്ഞ് ഡിഎംകെ അംഗങ്ങൾ പ്രതിഷേധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ കുഴിയിൽ കുടുങ്ങി; ഗർഭസ്ഥ ശിശു മരിച്ചു
ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ; രണ്ട് ദിവസം മഴ തുടരും