ഉത്തർ പ്രദേശിൽ ഗർഭിണിയുമായി പോയ ആംബുലൻസ് കുഴിയിൽ കുടുങ്ങി ഗർഭസ്ഥ ശിശു മരിച്ചു. ആഗ്ര ജില്ലയിലെ ഗധ്വാർ ഗ്രാമത്തിൽ ഇക്കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെ ആണ് സംഭവം. പ്രദീപ് സിങ് - നിധി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ആഗ്ര: ഉത്തർപ്രദേശിൽ ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ കുഴിയിൽ കുടുങ്ങി ഗർഭസ്ഥ ശിശു മരിച്ചു. ആഗ്ര ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഗധ്വാർ സ്വദേശി പ്രദീപ് സിങ്ങിന്റെയും നിധിയുടെയും കുഞ്ഞാണ് മരിച്ചത്. റോഡിലെ കുഴിയിൽ രണ്ട് മണിക്കൂറിലധികമാണ് ആംബുലൻസ് കുടുങ്ങിയത്. ട്രാക്ടറിൽ കെട്ടി വലിച്ചാണ് ആംബുലൻസ് കുഴിയിൽനിന്ന് കയറ്റിയത്.

ഗധ്വാർ ഗ്രാമത്തിൽ ഇക്കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെ ആണ് സംഭവം. പുലർച്ചെ ഒരുമണിയോടെ 25കാരിയായ നിധിക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം അടിയന്തരമായി ആംബുലൻസ് സേവനം തേടുകയായിരുന്നു. യുവതിയുമായി ആംബുലൻസ് ജയ്ത്പുർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് പോകുന്നതിനിടെ, വാഹനം റോഡിലെ വലിയ കുഴിയിൽ കുടുങ്ങി.

റോഡിലെ കുഴിയിൽ രണ്ട് മണിക്കൂറിലധികമാണ് ആംബുലൻസ് കുടുങ്ങിയത്. ട്രാക്ടറിൽ കെട്ടിവലിച്ച് ആംബുലൻസ് കുഴിയിൽ നിന്ന് കയറ്റിയ ശേഷമാണ് യാത്ര പുനരാരംഭിക്കാനായത്. ഇതോടെ ആശുപത്രിയിൽ എത്താൻ ഏറെ വൈകി. പുലർച്ചെ മൂന്നരയോടെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭസ്ഥ ശിശു മരിച്ചായി ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ സൂപ്രണ്ടിൽനിന്ന് വിശദമായ റിപ്പോർട്ട് തേടി. ഗർഭസ്ഥ ശിശുവിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്തെഴുതിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ജൽ ജീവൻ മിഷൻ്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് പൊളിച്ചതും ഇതിനിടെ കനത്ത മഴ പെയ്തതുമാണ് റോഡിൻ്റെ അവസ്ഥ മോശമാകാൻ കാരണമായതെന്നാണ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വിശദീകരണം.