
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിജാബ് നീക്കം ചെയ്ത സംഭവത്തെത്തുടർന്ന് വിവാദത്തിലായ ഡോക്ടർ നുസ്രത്ത് പർവീൺ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണി വരെ അവർ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ ജോലിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി ഡിസംബർ 20ന് ശേഷവും നീട്ടി നൽകിയിട്ടുണ്ടെന്നും പാറ്റ്ന സിവിൽ സർജൻ അവിനാഷ് കുമാർ സിംഗ് വ്യക്തമാക്കി. പാറ്റ്ന സദറിലെ സബൽപൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നുസ്രത്തിന് നിയമനം ലഭിച്ചിരുന്നത്. ഈ ആഴ്ച ആദ്യം നടന്ന നിയമന ഉത്തരവ് വിതരണ ചടങ്ങിൽ വെച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറുടെ മുഖാവരണം മാറ്റിയത്.
ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചെങ്കിലും സംഭവത്തെ പ്രതിരോധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. മുഖ്യമന്ത്രിയും വിദ്യാർത്ഥിനിയും തമ്മിലുള്ള ബന്ധത്തെ അച്ഛനും മകളും തമ്മിലുള്ള സ്നേഹമായി കാണണമെന്നും ഇതിൽ വിവാദത്തിന്‍റെ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നുസ്രത്തിന്‍റെ കുടുംബം മുഖ്യമന്ത്രിയോടോ സർക്കാരിനോടോ ദേഷ്യത്തിലല്ല എന്നാണ് നുസ്രത്ത് പർവീൺ പഠിക്കുന്ന ഗവൺമെന്‍റ് തിബ്ബി കോളേജ് പ്രിൻസിപ്പൽ മഹ്ഫൂസുർ റഹ്മാൻ പറയുന്നത്.
എന്നാൽ മാധ്യമങ്ങളിൽ ഈ വിഷയം വലിയ രീതിയിൽ ചർച്ചയാകുന്നതിൽ അവർക്ക് നിരാശയുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധ ഒഴിവാക്കാൻ കുടുംബം ആഗ്രഹിക്കുന്നുണ്ടെന്നും നുസ്രത്ത് ജോലിയിൽ പ്രവേശിക്കണോ അതോ ഉപരിപഠനം തുടരണോ എന്ന കാര്യത്തിൽ ആലോചനകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധം സൂചിപ്പിച്ച് കുടുംബം കൊൽക്കത്തയിലേക്ക് മാറിയെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
ഇതിനിടെ അയൽ സംസ്ഥാനമായ ജാർഖണ്ഡിലെ ആരോഗ്യ മന്ത്രി ഇർഫാൻ അൻസാരി നുസ്രത്തിന് ജാർഖണ്ഡിൽ ജോലി വാഗ്ദാനം ചെയ്തു. പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളവും സർക്കാർ ഫ്ലാറ്റും പൂർണ്ണ സുരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിതീഷ് കുമാറിന്‍റെ നടപടി മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ വാഗ്ദാനത്തെ പ്രീണന രാഷ്ട്രീയമെന്ന് ബിജെപി വിമർശിച്ചു. ജാർഖണ്ഡിലെ യുവാക്കൾക്ക് ജോലി നൽകാതെ എന്ത് നയത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിഹാറിലെ ഡോക്ടർക്ക് ജോലി നൽകുന്നതെന്ന് ബിജെപി നേതാവ് ഭാനു പ്രതാപ് സാഹി ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സാമൂഹിക പ്രവർത്തകൻ നിതീഷ് കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam