
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് പിടിയിലായത്. അഞ്ജലിയുടെ ഭർത്താവ് രാഹുലാണ് കൊല്ലപ്പെട്ടത്. അജയ്‍യുമായുള്ള അഞ്ജലിയുടെ ബന്ധം ഭർത്താവ് രാഹുൽ അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റ നിലയിലാണ് കൃഷിയിടത്തിൽ രാഹുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. കവർച്ചാസംഘം കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് ആദ്യം കരുതിയത്. മൊഴിയെടുക്കാൻ വിളിച്ചപ്പോൾ അഞ്ജലി സ്ഥലത്തില്ലെന്ന് മനസ്സിലായി. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ അഞ്ജലിക്ക് അതേ ഗ്രാമത്തിൽ മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തി. അജയ്‌യെ തേടി പൊലീസ് വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ അജയ് കുറ്റം സമ്മതിച്ചു. ബന്ധം ഭർത്താവ് അറിഞ്ഞതോടെ അഞ്ജലി അസ്വസ്ഥയായിരുന്നുവെന്നും അഞ്ജലി നിർദേശിച്ചത് അനുസരിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത് എന്നുമാണ് അജയ് മൊഴി നൽകിയത്. അജയ് രാഹുലിനോട് വയലിനടുത്ത് വെച്ച് കാണാമെന്ന് പറഞ്ഞു. രാഹുൽ അവിടെയെത്തിയപ്പോൾ അജയ് മൂന്ന് തവണ വെടിവച്ചു. മൃതദേഹം സംസ്കരിച്ചതിന് ശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.