ദേശീയ ഗാനത്തിന് എഴുന്നേറ്റില്ലെന്ന് ആരോപിച്ച് ഐഐടി അദ്ധ്യപിക വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതായി പരാതി

By Web TeamFirst Published Apr 26, 2021, 8:10 PM IST
Highlights

വീഡിയോയില്‍ ഒരു അദ്ധ്യാപിക പറയുന്നു: 'ഇതാണ് (ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കുന്നത്) മിനിമം നിങ്ങള്‍ക്ക് ഈ രാജ്യത്തോട് ചെയ്യാന്‍ കഴിയുന്നത്'. ഇതിനെ തുടര്‍‍ന്ന് ഇവര്‍ 100 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്ലാസ് പിരിച്ചുവിട്ടു. 

ഖരക്പൂര്‍: ഓണ്‍ലൈന്‍ ക്ലാസിനിടെ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നില്ല, ഭാരത് മാത കീ ജയ് വിളിച്ചില്ലെന്ന് ആരോപിച്ച് ചില വിദ്യാര്‍ത്ഥികളെ ഐഐടി അദ്ധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. ഖരക്പൂര്‍ ഐഐടിയിലാണ് സംഭവം. ചില കുട്ടികളും അവരുടെ ചില ബന്ധുക്കളും സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവി വിവാദമായത്.

വീഡിയോയില്‍ ഒരു അദ്ധ്യാപിക പറയുന്നു: 'ഇതാണ് (ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കുന്നത്) മിനിമം നിങ്ങള്‍ക്ക് ഈ രാജ്യത്തോട് ചെയ്യാന്‍ കഴിയുന്നത്'. ഇതിനെ തുടര്‍‍ന്ന് ഇവര്‍ 100 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്ലാസ് പിരിച്ചുവിട്ടു. കുട്ടികളെ നാണമില്ലാത്തവര്‍ എന്നും ഈ അദ്ധ്യാപിക വിളിക്കുന്നുണ്ട്. ഇതിനൊപ്പം ഒരു കുട്ടിയെ 'ഇരട്ടപ്പേരില്‍ ' വിളിക്കുന്ന അദ്ധ്യാപിക -' ഇങ്ങനെ വിളിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ ലോകത്ത് ആര്‍‍ക്കും സാധിക്കില്ല' എന്നും പറയുന്നുണ്ട്.

നിങ്ങള്‍ വേണമെങ്കില്‍ 'ന്യൂനപക്ഷ കമ്മിറ്റിയിലോ', വിദ്യാഭ്യാസ മന്ത്രാലയത്തിലോ പരാതി കൊടുക്കാനും ഈ അദ്ധ്യാപിക വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഒരു കമ്മിറ്റി ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുമെന്നാണ് ഐഐടി ഖരക്പൂര്‍ അധികൃതര്‍ പറയുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐഐടി കോഴ്സുകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്ന എസ്.സി, എസ്ടി, പിഡബ്യൂഡി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഐഐടി സംഘടിപ്പിക്കുന്ന ഒരു വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പ് ക്ലാസുകളിലാണ് ഈ സംഭവം നടന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ കോഴ്സ്. 

click me!