ഐഐടി എം ടെക്കിന്റെ ഫീസ് പത്തിരട്ടിയാക്കുന്നു, പാവപ്പെട്ടവർക്ക് ഇനി ഉന്നതപഠനം കയ്യെത്താ ദൂരത്തോ..?

By Web TeamFirst Published Sep 28, 2019, 12:43 PM IST
Highlights

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇനിമേൽ ഇന്ത്യയിലെ ഈ വിശിഷ്ട സാങ്കേതിക സ്ഥാപനങ്ങളിലെ പഠനം അപ്രാപ്യമാകും എന്നാണ് ഐഐടികളിലെ  അധ്യാപകർ തന്നെ പറയുന്നത്. 


ഇന്ത്യയിലെ എഞ്ചിനീയറിങ്ങ് സാങ്കേതികപഠനത്തിന്റെ ഉന്നതകലാലയങ്ങളാണ് ഐഐടികൾ. അവിടത്തെ ജനറൽ കാറ്റഗറി ഫീസ് വരുന്ന മൂന്നുവർഷത്തിനുള്ളിൽ പത്തിരട്ടിയാക്കി വര്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അതോടൊപ്പം നിലവിൽ നൽകിവരുന്ന മെറിറ്റ് സ്കോളര്ഷിപ്പുകളും കുറയ്ക്കാനാണ് തീരുമാനം. അതോടെ പഠനത്തിൽ അസാധാരണമികവുള്ള, എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇനിമേൽ ഇന്ത്യയിലെ ഈ വിശിഷ്ട സാങ്കേതിക സ്ഥാപനങ്ങളിലെ പഠനം അപ്രാപ്യമാകും എന്നാണ് ഐഐടികളിലെ  അധ്യാപകർ തന്നെ പറയുന്നത്. 

ഐഐടി കൗൺസിൽ എന്ന ഒരു അപെക്സ് സമിതിക്കാണ് ഐഐടികളുടെ നടത്തിപ്പ് ചുമതലയുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് 20,000/- എന്ന നിലവിലെ വാർഷിക ഫീസ് വർധിപ്പിച്ച് 2 ലക്ഷം രൂപയാക്കാനുള്ള തീരുമാനം വന്നത്. ബിടെക്കിന് ഇപ്പോൾ തന്നെ രണ്ടുലക്ഷം രൂപയാണ് ഐഐടികളിലെ ഫീസ്. 

ഇപ്പോൾ ഇന്ത്യയിലെ ഐഐടികളിൽ പഠിക്കുന്ന പതിനായിരത്തോളം എംടെക് വിദ്യാർത്ഥികൾക്ക് രതിമാസം 12,400 സ്റ്റൈപ്പന്റ് കിട്ടുന്നുണ്ട്. ടീച്ചിങ് അസിസ്റ്റന്റ് ഷിപ്പ് എന്നാണ് അതിനു പറയുന്ന പേര്.  ഇനിമുതൽ തെരഞ്ഞെടുക്കപ്പെടുന്ന ചിലർക്കുമാത്രമായി ഈ സ്റ്റൈപ്പന്റ് ചുരുക്കും. എന്നാൽ ആ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ എന്തെന്ന് പ്രഖ്യാപിച്ചിട്ടില്ല. 

എന്നാൽ കൗൺസിൽ മെമ്പർമാർ പറയുന്നത്, വാർഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ളവർക്കും SC/ST വിഭാഗക്കാർക്കും ഇനി ഫീസ് അടക്കേണ്ടി വരില്ല എന്നതും, 1  ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടക്ക് വാർഷിക വരുമാനമുള്ളവർക്ക് മൂന്നിൽ രണ്ടു ഭാഗം ഇളവ് നല്കുമെന്നുമാണ്. എന്നാലും ഫീസ് അവർക്കു ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയോളം ഒടുക്കേണ്ടി വരും. എന്നാൽ ഈ ഇളവുകൾ വന്നാലും, പ്രതിമാസ സ്റ്റൈപ്പന്റിനെ ആശ്രയിച്ച് ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്ന പലർക്കും ഇനി കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ഇനിയങ്ങോട്ട് പണമുള്ളവർക്ക് മാത്രം പഠിക്കാനാവുന്ന സ്ഥിതിവരുമെന്നാണ് അധ്യാപകരും വിദ്യാർത്ഥികളും ഐഐടി പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും ഒരേസ്വരത്തിൽ പറയുന്നത്. 

ഇപ്പോൾ ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്ന കൗൺസിലിൽഹൈദരാബാദ് ഐഐടി ഡയറക്ടർ ബിഎസ് മൂർത്തി, ഐഐടി ജമ്മു ഡയറക്ട മനോജ് എസ് ഗൗർ, ഐഐടി ദില്ലി പ്രൊഫസർ എം ബാലകൃഷ്ണൻ എന്നിവരാണ് അംഗങ്ങളായുള്ളത്. 
 

click me!