
ന്യൂഡൽഹി: മൂന്നുദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി ഇന്ത്യയിലെത്തി. ബുധനാഴ്ച വൈകിട്ട് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ജാപ്പനീസ് പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു.
വ്യാഴാഴ്ച രാവിലെ ഹൈദരാബാദ് ഹൗസിൽവെച്ച് നരേന്ദ്രമോദിയും സനായ് ടക്കായ്ച്ചിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തും. വ്യാപാര, നിക്ഷേപ, പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചചെയ്യും. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതും ചർച്ചയാകും.
ഇതിനുപിന്നാലെ നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രിയും ചേർന്ന് ഹരിയാണയിൽ മാരുതി സുസുക്കി നിർമിക്കുന്ന പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഹരിയാണയിലെ ഖർഗോദയിൽ 35,000 കോടി രൂപ ചെലവഴിച്ചാണ് മാരുതി സുസുക്കിയുടെ പുതിയ ഉത്പാദനപ്ലാന്റ് വരുന്നത്. പൂർണമായും പ്രവർത്തനക്ഷമമായാൽ പുതിയ പ്ലാന്റിൽനിന്ന് പ്രതിവർഷം പത്തുലക്ഷത്തോളം വാഹനങ്ങൾ പുറത്തിറക്കും. 21,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയ്ക്കും ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കാണും. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ ബിസിനസ് ഫോറത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുക്കും. ബുധനാഴ്ച വൈകിട്ടോടെ ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാവിലെ അവർ ടോക്കിയോയിലേക്ക് മടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam