
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരണപ്പെട്ടു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന 'കാവേരി ക്രഷർ' എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദുരന്തവിവരമറിഞ്ഞ് താവരെക്കരെ പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ക്വാറിയിൽ വീണുകിടക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സംഭവസ്ഥലത്ത് നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. മരണപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam