ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്ക് തുടക്കം; കാർഷിക ഉത്പന്നങ്ങളുടെ തീരുവ ഉന്നയിച്ച് യുഎസ്, ഇന്ത്യ വിട്ടുവീഴ്ച ചെയ്യരുതെന്ന് പ്രതിപക്ഷം

Published : Sep 16, 2025, 05:30 PM IST
modi trump

Synopsis

ഇന്ത്യ അമേരിക്കയോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയ്ക്ക് ആദ്യം 25 ശതമാനം തീരുവ നിലവിൽ വന്നത്. 27ന് റഷ്യൻ എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ 25 ശതമാനം തീരുവ കൂടി ഏർപ്പെടുത്തി.

ദില്ലി: ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കമായി. അമേരിക്കൻ ഉപ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ദില്ലിയിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തി. കാർഷിക ഉത്പന്നങ്ങളുടെ തീരുവ അടക്കമുള്ള വിഷയങ്ങൾ യുഎസ് ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇന്ത്യ അമേരിക്കയോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഏഴിനാണ് ഇന്ത്യയ്ക്ക് ആദ്യം 25 ശതമാനം തീരുവ നിലവിൽ വന്നത്. 27ന് റഷ്യൻ എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ 25 ശതമാനം തീരുവ കൂടി ഏർപ്പെടുത്തി. പിന്നാലെ നടന്ന പരസ്യ വാഗ്വാദങ്ങൾക്ക് ശേഷമാണ് ഇന്ത്യയുമായി ചർച്ചകൾക്ക് യുഎസ് വീണ്ടും തയ്യാറായത്.

ഇന്ന് രാവിലെ പത്തിന് വാണിജ്യമന്ത്രാലയത്തിൽ എത്തിയാണ് അമേരിക്കൻ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടത്. വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നല്‍കുന്നത്. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിലാണ് പ്രധാന തർക്കം. ജനിതക മാറ്റം വരുത്തിയ ചോളം ഇന്ത്യ ഇറക്കുമതി ചെയ്യണമെന്ന് അമേരിക്ക നിർദ്ദേശിക്കുന്നു. നിലവിൽ 50 ശതമാനം തീരുവയാണ് ഇന്ത്യ ചോളത്തിന് ചുമത്തുന്നത്. ഇത് പൂജ്യമാക്കണം എന്നാണ് യുഎസ് നിർദ്ദേശം. ജനിതകമാറ്റം വരുത്തിയ ചോളം ഇറക്കുമതി ചെയ്യില്ല എന്ന നിലപാട് തിരുത്തണമെന്നും യുഎസ് ആവശ്യപ്പെടുന്നു. ബീഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കാനിടയില്ല. ചില തർക്കവിഷയങ്ങൾ മാറ്റിവച്ച് മറ്റെല്ലാ ഉത്പന്നങ്ങളുടെയും തീരുമാനിക്കാം എന്ന് ഇന്ത്യ നിർദ്ദേശിക്കും. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങരുതെന്ന് സിപിഎം അടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടു.

ഇതിനിടെ, അമേരിക്കയിലേക്കുള്ള കയറ്റുമതി വഴി നേടുന്ന പണം ഉപയോഗിച്ചാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് എന്ന് ഡോണൾഡ് ട്രംപിൻ്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ ആരോപിച്ചു. അമേരിക്കയിലേക്കുള്ള കയറ്റുമതി നിന്നത് ചെമ്മീൻ കയറ്റുമതി മേഖലയിൽ മാത്രം 25000 കോടിയുടെ നഷ്ടം ഉണ്ടാക്കുന്നു എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഒത്തുതീർപ്പ് ചർച്ചകൾക്ക് കേന്ദ്ര സർക്കാരും തയ്യാറായിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി