
ഗുവാഹത്തി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അസം സിവിൽ സർവീസ് (എസിഎസ്) ഉദ്യോഗസ്ഥയായ നൂപുർ ബോറയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വസതികളിൽ മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നടത്തിയ റെയ്ഡിൽ ഏകദേശം 2 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
നൂപുർ ബോറയുടെ ഗുവാഹത്തിയിലുള്ള വീട്ടിൽ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. കൂടാതെ, ബാർപേട്ടയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപയും കണ്ടെത്തി. ഭൂമി സംബന്ധമായ തർക്കങ്ങളിൽ ഉദ്യോഗസ്ഥയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ആറുമാസമായി അവർ വിജിലൻസ് നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
2019-ൽ സിവിൽ സർവീസിൽ ചേർന്ന നൂപുർ ബോറ അസം ഗോലഘട്ട് ജില്ല സ്വദേശിയാണ്. ഗുവഹാത്തി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ഇവർ സർവീസിൽ ചേരുന്നതിന് മുൻപ് ഒരു കോളേജിൽ ലക്ചററായി ജോലി ചെയ്തിരുന്നു. കമാരൂപിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു നൂപുർ ബോറ.
നൂപുർ ബോറയുടെ സഹായി എന്ന് കരുതുന്ന ലത് മണ്ഡൽ സുരജിത് ദെക്കയുടെ ബാർപേട്ടയിലുള്ള വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. സർവീസിൽ ആറ് വർഷം മാത്രം പിന്നിട്ട നൂപുർ ബോറയുടെ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.