'ചെന്നൈ മിഷൻ' പരാജയപ്പെട്ടു, 'മുംബൈ മിഷനു'മായി ഇന്ത്യ സഖ്യം; എൻസിപി നേതാക്കളുമായി കൂടിക്കാഴ്ച

Published : Nov 29, 2026, 10:33 PM IST
NCP on Delimitation Bill

Synopsis

'മുംബൈ മിഷനു'മായി ഇന്ത്യ സഖ്യം. എൻസിപി നേതാക്കളെ കാണാൻ ഇന്ത്യ സഖ്യ നേതാക്കൾ മുംബൈയിലെത്തി. ശരദ് പവാർ ചികിത്സയിൽ കഴിയുന്ന മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ യോഗം തുടങ്ങി.

മുംബൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാനുള്ള 'ചെന്നൈ മിഷൻ' പരാജയപ്പെട്ടതോടെ 'മുംബൈ മിഷനു'മായി ഇന്ത്യ സഖ്യം. സമാന നിലപാടിൽ തുടരുന്ന എൻസിപി നേതാക്കളെ കാണാൻ ഇന്ത്യ സഖ്യ നേതാക്കൾ മുംബൈയിലെത്തി. സുപ്രിയ സുലെ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി നേതാക്കൾ മടങ്ങി. എൻസിപി അധ്യക്ഷൻ ശരദ് പവാർ ചികിത്സയിൽ കഴിയുന്ന മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് യോഗം നടന്നത്.

മണ്ഡല പുന‍ർനി‍ർണയ ബില്ലിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഡിഎംകെയെ തടയാൻ ഇന്ത്യ സഖ്യം അവസാന നിമിഷം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. സോണിയ ഗാന്ധി അടക്കം നേതാക്കൾ കൂട്ടത്തോടെ വീട്ടിലെത്തി അഭ്യർത്ഥിച്ചിട്ടും സ്റ്റാലിൻ വഴങ്ങിയില്ല. തമിഴ്നാടിന്‍റെ താൽപര്യം മാത്രമാണ് തന്‍റെ മുന്നിലെന്ന് സ്റ്റാലിൻ നേതാക്കളോട് പറ‍ഞ്ഞു. പുറത്തിറങ്ങിയ രാഹുൽ ഗാന്ധി, ആ‍ർഎസ്എസിന് തമിഴ്നാടിനോട് വെറുപ്പാണെന്ന് പ്രതികരിച്ചു.

ദൗത്യം പൊളിയുമെന്ന് മുമ്പേ സൂചിപ്പിച്ച് സ്റ്റാലിൻ

സഹോദരൻ സ്റ്റാലിനെ കാണാൻ പോകുന്നുവെന്ന രാഹുൽ ഗാന്ധിയുടെ രാവിലത്തെ പോസ്റ്റിന് തമിഴ്നാടിനെ ചതിക്കാത്ത കട്ടബൊമ്മനാണ് താനെന്ന മറുപടി സ്റ്റാലിൻ നൽകിയപ്പോഴേ ദൗത്യം പൊളിയുമെന്ന് ഉറപ്പായിരുന്നു. മല്ലികാർജുന ഖ‍ാർഗെയും രാഹുൽ ഗാന്ധിയും മമത ബാനർജിയും എം എ ബേബിയും അടങ്ങുന്ന ഇന്ത്യ സഖ്യ സംഘത്തെ വൈകിട്ട് അൽവാർപ്പെട്ടിലെ വീട്ടിൽ ഹൃദ്യമായി സ്റ്റാലിൻ സ്വീകരിച്ചെങ്കിലും നിലപാടിൽ തിരുത്തുണ്ടായില്ല. ബില്ലിനെ പിന്തുണക്കുന്നതാണ് തമിഴ്നാടിനും തെക്കേ ഇന്ത്യക്കും നല്ലതെന്ന് വാദിച്ച സ്റ്റാലിൻ, എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വ‍ർധന അടക്കം ഡിഎംകെയുടെ ഉപാധികളെല്ലാം അംഗീകരിച്ചുള്ള ബില്ലാണ് തയ്യാറായതെന്നും വ്യക്തമാക്കി.

തമിഴ്നാടിൻ്റെ സീറ്റ് അനുപാതം കുറയാത്ത തരത്തിൽ മണ്ഡല പുന‍ർനി‍ർണയം നടത്താൻ മറ്റെന്തെങ്കിലും വഴിയുണ്ടോയെന്ന് സ്റ്റാലിൻ ചോദിച്ചെങ്കിലും ഇന്ത്യ സഖ്യ നേതാക്കൾക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. വിജയ്ക്ക് പിന്തുണ നൽകിയതിലെ വിരോധം കാരണമല്ല തീരുമാനമെന്നും ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായിരുന്നെങ്കിലും ഇതേ നിലപാട് സ്വീകരിച്ചേനേ എന്നും സ്റ്റാലിൻ വിശദീകരിച്ചു.

ബിജെപിയുടെ പദ്ധതി തിരിച്ചറിയണമെന്നും അസമിലെയും കശ്മീരിലെയും പോലെ തമിഴ്നാടിന്‍റെയും രാഷ്ട്രീയ ഭുപടം സ്വന്തം നേട്ടത്തിനായി ബിജെപി മാറ്റിമറിക്കുമെന്നും രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒന്നേകാൽ മണിക്കൂർ നീണ്ട ച‍ച്ചയ്ക്കൊടുവിൽ പുറത്തുവന്ന രാഹുൽ, ആ‍എസ്എസിന് തമിഴ് ഭാഷയോടും സംസ്കാരത്തോടും വെറുപ്പാണെന്ന് പറഞ്ഞ്, ഡിഎംകെയ്ക്കെതിരായ പരോക്ഷ ആക്രമണത്തിനും തുടക്കമിട്ടു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും പിന്തുണയ്ക്കുമോ?

കഴിഞ്ഞ ആറ് മാസം തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ നടത്തിയ അധിക്ഷേപ പരാമ‍ശങ്ങൾ ഡിഎംകെയുമായുള്ള വിള്ളൽ വലതുക്കായിരുന്നു. ഭരണഘടനയ്ക്കും രാജ്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഈഗോയെല്ലാം മാറ്റിവെച്ച് ഏത് അറ്റം വരെയും പോകാൻ തങ്ങൾ തയ്യാറായെന്ന് സ്ഥാപിക്കാൻ ചെന്നൈ ദൗത്യത്തിലൂടെ കോൺഗ്രസ് ശ്രമിച്ചു. സ്റ്റാലിനാകട്ടെ തമിഴ്നാട്ടിലെ മണ്ഡലപുന‍ർനി‍ർണയം ഡിഎംകെയുടെ താൽപര്യത്തിന് അനുസരിച്ച് നടപ്പാകും എന്ന് ഉറപ്പിക്കാനാകും ഇനി ശ്രമിക്കുക. ഒരു പക്ഷേ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്കും പിന്തുണ നൽകി 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് വ‍ർഷം മുമ്പ് നടത്താൻ ശ്രമിച്ചാലും അത്ഭുതം വേണ്ട.

പ്രതികരണവുമായി കെ അണ്ണാമലൈ

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതി ഉടൻ എന്ന് കെ അണ്ണാമലൈ. ഡിഎംകെ പിന്തുണ നിരുപാധികം ആകില്ലെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എങ്ങനെ പുരോഗമിക്കും എന്നറിയാൻ താത്പര്യം ഉണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ച് കരുക്കൾ നീക്കി മോദിയും ഷായും, 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി; നിലയില്ലാ കയത്തില്‍ പ്രതിപക്ഷം
ചെന്നൈ ദൗത്യം പരാജയം,ഇന്ത്യ സഖ്യത്തിന് തിരിച്ചടി, മണ്ഡല പുനർനിർണയത്തിൽ വഴങ്ങാതെ സ്റ്റാലിൻ