രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയേക്കാവുന്ന സുപ്രധാന മണ്ഡല പുനര്‍നിര്‍Cയ ബില്ല് നാളെ ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിൽ അവതരിപ്പിക്കും. 371 അംഗങ്ങളുടെയങ്കിലും പിന്തുണ ഉറപ്പാക്കി ബില്‍ പാസാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രതീക്ഷ.
ദില്ലി: രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയേക്കാവുന്ന സുപ്രധാന മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ ലോക്സഭയിൽ 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി. നാളെ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ബിജെപി നയരൂപീകരണ സമിതി യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം നടന്നത്. അമിത് ഷാ, കിരൺ റിജിജു ഉൾപ്പെടെ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും പങ്കെടുത്തു,
നാളെ ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിൽ മണ്ഡല പുനര്‍നിര്‍ണയ ബില്ല് സർക്കാർ അവതരിപ്പിക്കും. 371 അംഗങ്ങളുടെയെങ്കിലും പിന്തുണ ഉറപ്പാക്കി ബില്‍ പാസാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഡിഎംകെയും എന്‍സിപി ശരദ് പവാര്‍ വിഭാഗവും ബില്ലിനെ അനുകൂലിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്നലെ ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുത്ത ജെഎംഎമ്മും മറുകണ്ടം ചാടുമെന്ന് ഉറപ്പായി. എം കെ സ്റ്റാലിനെയും ശരദ് പവാറിനെയും അനുനയിപ്പിക്കാന്‍ സമ്മേളനത്തലേന്ന് ഇന്ത്യ സഖ്യം നേതാക്കള്‍ ഇറങ്ങിയതും പ്രതിപക്ഷം നിലയില്ലാ കയത്തില്‍ പെട്ടതിന്‍റെ തെളിവായി.
103-ാം ദിനം വന്ന പ്രഖ്യാപനം
വര്‍ഷകാല സമ്മേളനം കഴിഞ്ഞ് 103-ാം ദിനം വന്ന പ്രഖ്യാപനം ചരിത്രത്തിലാദ്യമാണ്. സഭാ സമ്മേളനം ഇത്രയും നീട്ടി മണ്ഡല പുനര്‍നിര്‍ണയ ബില്ലിലേക്ക് സര്‍ക്കാർ എത്തുകയായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനൊപ്പം വനിതാ സംവരണവും യാഥാർത്ഥ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണഘടന ബില്ലായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കേണ്ടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ടെസ്റ്റ് ഡോസായി ബില്ല് അവതരിപ്പിച്ചെങ്കിലും 352 വോട്ട് വേണ്ടിയിരുന്നിടത്ത് 298ൽ എത്തിക്കാനേ സര്‍ക്കാരിന് കഴിഞ്ഞൂള്ളൂ. എന്നാല്‍ നീക്കം ഉപേക്ഷിക്കാതെ പ്രധാനമന്ത്രിയും അമിത് ഷായും കരുക്കള്‍ നീക്കി. കോണ്‍ഗ്രസുമായി സഖ്യകക്ഷികള്‍ അകലുന്ന സാഹചര്യത്തില്‍ കൃത്യം ഇടപെടല്‍.
50 ശതമാനം ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ കുറവ് വരുത്തരുതെന്നുമുള്ള ഡിഎംകെയുടെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്‍റെയും നിബന്ധനകള്‍ കണ്ണടച്ച് അംഗീകരിച്ചു. ചാഞ്ചാടി നിന്ന ജെഎംഎമ്മിനെയും വരുതിയാലിക്കി. ബിആര്‍എസ്, ബിജെഡി തുടങ്ങിയ പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കി. ഒടുവില്‍ മാജിക് നമ്പറില്‍ നിന്ന് 20 വോട്ടെങ്കിലും അധികം കിട്ടുമെന്ന വിലയിരുത്തലിലാണ് വീണ്ടും ബില്ലുമായി സര്‍ക്കാര്‍ ലോക്സഭയിലേക്ക് എത്തുന്നത്. 12 മണിക്കൂര്‍ വരെ ചര്‍ച്ച നടന്നേക്കും. വോട്ടെടുപ്പിന് അഞ്ച് മണിക്കൂറടക്കം ഷെഡ്യൂളും പ്രഖ്യാപിച്ചു. ലോകസഭയില്‍ മൂന്ന് ദിവസവും രാജ്യസഭയില്‍ രണ്ട് ദിവസവും ചര്‍ച്ച നടത്തി ബില്ല് പാസാക്കാനാണ് നീക്കം.
പിളര്‍പ്പില്‍ ശുഷ്കമായ പ്രതിപക്ഷം
ഏപ്രിലില്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ഡിഎംകെയും ശരദ് പവാര്‍ എന്‍സിപിയുമൊക്കെ ചേര്‍ന്ന് 230 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഏഴ് മാസങ്ങള്‍ക്കിപ്പുറം പല പിളര്‍പ്പില്‍ ശുഷ്കമായ പ്രതിപക്ഷമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പ്രധാനമന്ത്രിയും അമിത് ഷായും പരസ്യമായി ഇറങ്ങി കരുക്കള്‍ നീക്കിയിട്ടും പതിവ് ഈഗോയില്‍ കോണ്‍ഗ്രസ് നിന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന പാര്‍ട്ടികളുടെ മനസ് ഇളകി. രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കാതെ ഖാര്‍ഗയിലൂടെ പാര്‍ട്ടികളുടെ മനം മാറ്റത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏറ്റവുമൊടുവില്‍ ഇന്നലെ നടന്ന ഇന്ത്യ സഖ്യ യോഗവും ഡിഎംകെയടക്കം കക്ഷികള്‍ ബഹിഷ്ക്കരിച്ചതോടെ വലിയ അപകടം തിരിച്ചറിഞ്ഞു.
പരമാവധി ശ്രമം നടത്തിയെന്ന സന്ദേശം നല്‍കാന്‍ കൂടിയാണ് സോണിയ ഗാന്ധിയെയടക്കം കൂട്ടി ചെന്നൈ, മുംബൈ ദൗത്യങ്ങള്‍ക്കിറങ്ങിയത്. ജനാധിപത്യം അപകടത്തിലാണെന്ന വിലാപം ഉയര്‍ത്തുമ്പോൾ തന്നെ ബില്ല് പാസായാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പകളില്‍ പാടേ തകര്‍ന്നടിയുമെന്ന ഭയവും ഇന്ത്യ സഖ്യത്തിന്‍റെ വേവലാതി കൂട്ടുകയാണ്.


