രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ പുരോഗമിക്കുന്നു

By Web TeamFirst Published Jan 8, 2021, 10:30 AM IST
Highlights

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്.ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്. 

ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും ഹരിയാന, യു പി, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്തിയിരുന്നതിനാൽ ഇന്ന് ഡ്രൈ റൺ  നടക്കുന്നില്ല. കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി ഡോ. ഹർഷവർദ്ധൻ തമിഴ്നാട്ടിലെത്തി ഡ്രൈ റൺ വിലയിരുത്തി. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ തമിഴ്‌നാട് നല്ല പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും. എല്ലാ പരിശോധനകളും ആർടിപിസിആർ വഴിയാണ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. 

കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്. കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയില്‍ ഇന്ന് അഞ്ച് സ്ഥലങ്ങളില്‍ ഡ്രൈ റണ്‍ നടത്തുന്നുണ്ട്. ബീച്ച് ആശുപത്രി, തലക്കളത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം, പുതിയാപ്പ, പെരുമണ്ണ എന്നിവിടങ്ങളിലെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണിത്. രാവിലെ 9 മുതല്‍ 11 വരെ അതതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഡ്രൈ റണ്‍. ജില്ലയില്‍ 33,285 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നത്. രജിസ്ട്രേഷന്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

പത്തനംതിട്ട ജില്ലയിൽ ഡ്രൈ റണ് നടപടികൾ തുടങ്ങി.ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ കളക്ടർ നേരിട്ടെത്തി തയ്യാറെടുപ്പുകൾ പരിശോധിച്ചു അടൂർ ജനറൽ ആശുപത്രി, ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജ് എന്നിവയാണ് ഡ്രൈ റണ് നടക്കുന്ന ജില്ലയിലെ മറ്റു രണ്ടു കേന്ദ്രങ്ങൾ. 

click me!