
ദില്ലി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് സാവിത്രിയുടെ ബിജെപി പ്രവേശനം. മകൾ സീമ ജിൻഡാലും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് മുൻ ഹരിയാന മന്ത്രി കൂടിയായ സാവിത്രി കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. 10 വർഷക്കാലം ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ ഹരിയാന സംസ്ഥാനത്തെ നിസ്വാർത്ഥമായി സേവിച്ചുവെന്ന് എക്സിലെ പോസ്റ്റിൽ സാവിത്രി കുറിച്ചു.
ഹിസാറിലെ ജനങ്ങൾ തന്റെ കുടുംബമാണ്. കുടുംബത്തിൻ്റെ ഉപദേശപ്രകാരം കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ് എന്നും അവർ കുറിച്ചു. ഫോബ്‌സ് കണക്കുകൾ പ്രകാരം സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. 29.1 ബില്യൺ ഡോളർ ആസ്തിയുണ്ട് സാവിത്രി ജിൻഡാലിന്. അതായത് 24 ലക്ഷം കോടി രൂപ. ജിൻഡാൽ ഗ്രൂപ്പിൻ്റെ മുൻ ചെയർപേഴ്സണാണ് സാവിത്രി. വ്യവസായി ഓം പ്രകാശ് ജിൻഡാലിൻ്റെ മരണശേഷം, സാവിത്രി തൻ്റെ കുടുംബത്തിൻ്റെ ബിസിനസ് സാമ്രാജ്യമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിൻ്റെ (ജെഎസ്പിഎൽ) ചുമതല ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി രംഗത്ത് വന്നു. പിലിഭിത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും, എന്ത് വില നൽകേണ്ടി വന്നാലും പിൻമാറില്ലെന്നും പിലിഭിത്തിലുള്ളവരുടെ അനുഗ്രഹം വേണമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കത്തിലൂടെ വരുൺ അഭ്യർത്ഥിച്ചു. രണ്ടു തവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. പിലിഭിത്തിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വരുൺ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. സമാജ് വാദി പാർട്ടിയും, കോൺഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam