
ദില്ലി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ കാർഷിക മേഖലെയെയും പ്രതികൂലമായി ബാധിക്കുന്നു. വളം ഉൽപാദനത്തെ യുദ്ധം ബാധിച്ചതോടെ ഇന്ത്യ ചൈനയുടെ സഹായം തേടി. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വർധിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷം ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വിതരണത്തെ പ്രതികൂലമായി ബാധിച്ചു. വളം ഉൽപാദനത്തിലെ പ്രധാന പ്രധാന അസംസ്കൃത വസ്തുവാണ് എൽപിജി. പ്രതിസന്ധി രൂക്ഷമായതോടെ ദക്ഷിണേഷ്യൻ രാജ്യത്തെ ചില വളം നിർമ്മാതാക്കൾ പ്ലാന്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായ പശ്ചാത്തലത്തിലാണ് കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ, ഇക്കാര്യം ഇന്ത്യയോ ചൈനയോ സ്ഥിരീകരിച്ചിട്ടില്ല.
ചർച്ചകൾ തുടരുകയാണെന്നും ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും പേരുവെളിപ്പെടുത്താത്ത വൃത്തങ്ങൾ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക ഭക്ഷ്യോൽപ്പാദനത്തിന് ഏറ്റവും നിർണായകമായ നൈട്രജൻ വളമായ യൂറിയയുടെ വില യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ 21% ഉയർന്ന് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചൈന ക്വാട്ട സമ്പ്രദായത്തിന് കീഴിലാണ് യൂറിയ കയറ്റുമതി നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങളിലേക്ക് കയറ്റുമതികൾക്ക് അനുമതി നൽകിയിരുന്നെങ്കിലും, 2026-ൽ കയറ്റുമതിക്കുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉത്പാദക രാജ്യമാണ് ചൈന. ചൈനയിലും കാർഷിക സീസണിന്റെ ആരംഭമായതിനാൽ വലിയ ഡിമാൻഡ് ആണുള്ളത്.
നേരത്തെ ചൈനക്ക് നിക്ഷേപ നിയന്ത്രണങ്ങൾ ഇന്ത്യ ലഘൂകരിച്ചിരുന്നു. ഇന്ത്യ നിലവിൽ ഉടനടി വളക്ഷാമം നേരിടുന്നില്ലെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഇറക്കുമതിക്കാരെന്ന നിലയിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ കാലം നിലനിന്നാൽ, മൺസൂൺ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യം വർധിച്ചേക്കും. ചൈനക്ക് പുറമെ, റഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യ യൂറിയക്ക് ശ്രമിക്കുന്നുണ്ട്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യ 9.8 ദശലക്ഷം ടൺ യൂറിയ ഇറക്കുമതി ചെയ്തു, അടുത്ത മൂന്ന് മാസത്തിനുള്ളിൽ 1.7 ദശലക്ഷം ടൺ കൂടി എത്തുമെന്ന് വളം മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam