ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗമുണ്ടായി. സോനം വാങ്ചുക്കിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
ന്യൂഡൽഹി: ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗിച്ച ആളെ തിരിച്ചറിഞ്ഞു. പരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെ സ്റ്റേജിന് സമീപത്തെത്തിയ സ്ത്രീ അദ്ദേഹത്തിന്റെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ ജന്തർ മന്തറിൽ ആയിരുന്നു സംഭവം നടന്നത്. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അവിടെനിന്നും നീക്കിയതിനെതിരെ സംസാരിക്കുകയായിരുന്നു സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പൊലീസ് നടപടിയെ പരസ്യമായി ചോദ്യം ചെയ്ത് ദിപ്കെ സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് തൊട്ടടുത്തെത്തിയ സ്ത്രീ പെട്ടെന്ന് അദ്ദേഹത്തിന് നേരെ മഷി എറിഞ്ഞത്. തുടർന്ന് സിജെപി പ്രവർത്തകർ ഇവരെ സ്റ്റേജിൽ നിന്നും പിടിച്ചുമാറ്റുകയും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
ബർഖ ത്രെഹാൻ എന്ന സ്ത്രീയാണ് മഷി എറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വയം പുരുഷാവകാശ പ്രവർത്തകയെന്ന് വിശേഷിപ്പിക്കുന്ന ഇവർ, പ്രതിഷേധ സ്ഥലത്തുനിന്നും മാറ്റുന്ന സമയത്ത് ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. വേദിക്കരികിൽ നിന്നും മാറുന്നതിനിടെ സിജെപി പ്രവർത്തകർ തന്നെ മർദ്ദിച്ചതായി ഇവർ ആരോപിച്ചു. സ്വന്തം എക്സ് അക്കൗണ്ടിലൂടെ സിജെപിയെ നിരന്തരമായി വിമർശിക്കുന്ന വ്യക്തിയാണ് ഇവർ. എക്സ് ബയോയിൽ സ്വയം ഹിന്ദു സംരംഭക എന്നും പുരുഷന്മാരുടെ ശബ്ദം എന്നുമാണ് ഇവർ പരിചയപ്പെടുത്തുന്നത്.
ഉത്തർപ്രദേശിലെ ഉണ്ണാവോയിൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ പിന്തുണച്ചുകൊണ്ട് തന്റെ എൻജിഒ ആയ പുരുഷ ആയോഗ് ജന്തർ മന്തറിൽ 2025 ഡിസംബർ 25-ന് സംഘടിപ്പിച്ച പ്രതിഷേധത്തിലും ബർഖ ത്രെഹാൻ പങ്കെടുത്തിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ സ്ഥിരമായി ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കാറുള്ളതും മാധ്യമങ്ങളിൽ എഴുതാറുള്ളതുമായ വ്യക്തിയാണ്. ജയ്പൂരിൽ നടന്ന മറ്റൊരു പ്രതിഷേധത്തിനിടെ തനിക്ക് നേരെ മുഖത്തടിയേറ്റ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, ഇത്തരത്തിലുള്ള ആക്രമണങ്ങൾ കണ്ട് താൻ ഒളിച്ചോടില്ലെന്ന് അഭിജീത് ദിപ്കെയും പ്രതികരിച്ചു.
ആക്രമണത്തിന് തൊട്ടുപിന്നാലെ, എറിഞ്ഞ മഷിയുടെ നിറത്തെ സൂചിപ്പിച്ചുകൊണ്ട് നീല എന്റെ നിറമാണ് എന്ന് ദിപ്കെ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. അതേസമയം, ബർഖ ത്രെഹാനെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും അവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഇവരെ കേസ് ഒന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.


