
ദില്ലി: റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നുമടക്കം സമ്മര്‍ദം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യയുടെ ഇന്ധന സുരക്ഷക്കാണ് ഏറ്റവും പ്രഥമ പരിഗണന നൽകുന്നതെന്നും തങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് ചെയ്യുമെന്നും വിക്രം മിസ്രി വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വില വെട്ടിക്കുറച്ചുകൊണ്ട് ഉപരോധ നടപടിയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ സന്ദര്‍ശിക്കാനിരിക്കെയാണ് വിക്രമം മിസ്രി ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്വം. അത് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട എന്താണോ ചെയ്യാവുന്നത് അതാണ് ചെയ്യുകയെന്നും മിസ്രി മാധ്യമങ്ങളോട് പറഞ്ഞു.ഇക്കാര്യത്തിൽ രണ്ടു നിലപാടുകള്‍ എടുക്കേണ്ട കാര്യമില്ല.
ആഗോള സാഹചര്യം നോക്കികൊണ്ടാണ് തീരുമാനം എടുക്കുന്നത്. യൂറോപ്പിൽ വലിയ സുരക്ഷാ പ്രശ്നം ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. അതുപോലെ തന്നെ ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളിലും പ്രശ്നങ്ങളുണ്ട്. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇന്ത്യൻ താത്പര്യങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും വിക്രം മിസ്രി പറഞ്ഞു.
യുക്രെയ്നെതിരായ സംഘര്‍ഷത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് യൂറോപ്യൻ യൂണിയൻ റഷ്യൻ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 47.60 ഡോളറായി വെട്ടിക്കുറച്ചത്. റഷ്യയിൽ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിൽ പരമാവധി 47.60 ഡോളറെ നൽകാൻ പാടുകയുള്ളുവെന്നും അതിന് മുകളിൽ വില നൽകിയാ. ആ രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നുമാണ് യൂറോപ്യൻ യൂണിയന്‍റെ മുന്നറിയിപ്പ്.
റഷ്യൻ എണ്ണകമ്പനിയായ റോസ്നെഫ്റ്റിന് 49ശതമാനത്തോളം ഓഹരിയുള്ല ഇന്ത്യൻ സ്വകാര്യ എണ്ണവിതരമക്കമ്പനിയായ നയാരയുടെ ഗുജറാത്തിലെ റിഫൈനറിയിൽ നിന്നുള്ള എണ്ണയ്ക്കും ഉപരോധം ബാധകമാണെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഇന്ത്യ ഏറ്റവുമധികം ക്രൂഡ് ഓയിൽ വാങ്ങുന്നത് റഷ്യയിൽ നിന്നാണ് (40ശതമാനം). ഈ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയന്‍റെ തീരുമാനത്തിൽ ഇന്ത്യ ശക്തമായ നിലപാട് അറിയിച്ച് രംഗത്തെത്തിയത്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക കൂടുതൽ നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് സെനറ്ററും ട്രംപിന്‍റെ അനുയായിയുമായ ലിന്‍ഡ്സെ ഗ്രഹാം വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയിൽ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടര്‍ന്നാൽ ഈ രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കുമെന്നാണ് ലിന്‍ഡ്സെ ഗ്രഹാമിന്‍റെ മുന്നറിയിപ്പ്. ഇതിനുപിന്നാലെയാണ് നയം വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം വന്നത്.