തേജസ് വിമാനങ്ങളുടെ കൈമാറ്റം പറഞ്ഞ സമയത്ത് നടക്കുമോ? എച്ച്എഎൽ നൽകിയ ഉറപ്പിൽ വ്യോമസേനയ്ക്ക് സംശയം

Published : Oct 30, 2025, 02:03 AM IST
 Tejas aircraft delivery delay

Synopsis

തേജസ് വിമാനങ്ങളുടെ കൈമാറ്റം അടുത്ത വർഷം മാർച്ചോടെയെന്ന എച്ച്എഎല്ലിന്റെ ഉറപ്പിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് സംശയം. എഞ്ചിൻ വിതരണത്തിലെ കാലതാമസമാണ് കാരണമെന്ന് എച്ച്എഎൽ. എഞ്ചിനുകൾ ലഭിച്ചിട്ടും വിമാനങ്ങൾ തയ്യാറായിട്ടില്ലെന്ന് വ്യോമസേനാ വൃത്തങ്ങൾ.

ദില്ലി: തേജസ് വിമാനങ്ങളുടെ കൈമാറ്റം അടുത്ത വർഷം മാർച്ചോടെയെന്ന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്എഎൽ) ഉറപ്പിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) സംശയം. ഒക്ടോബർ 17-ന് ആദ്യ വിമാനത്തിന്‍റെ ഉദ്ഘാടന പറക്കൽ നാസിക്കിൽ നടക്കവേയാണ് എച്ച്എഎൽ സിഎംഡി ഡി കെ സുനിൽ പുതിയ സമയ പരിധി പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്നിഹിതനായിരുന്നു. എന്നാൽ വ്യോമസേന ഓർഡർ ചെയ്ത 83 വിമാനങ്ങളിൽ ആദ്യ രണ്ട് വിമാനങ്ങൾ ഒക്ടോബറിൽ തന്നെ കൈമാറുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ഐഎഎഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

“അമേരിക്കയിൽ നിന്നുള്ള എഞ്ചിൻ വിതരണത്തിലെ കാലതാമസം കാരണമാണ് വിമാനം വൈകുന്നതെന്ന് എച്ച്എഎൽ ഞങ്ങളെ വിശ്വസിപ്പിച്ചു. എന്നാൽ വസ്തുത വ്യത്യസ്തമാണ്. എച്ച്എഎല്ലിന് ഇതുവരെ നാല് എഞ്ചിനുകൾ ലഭിച്ചു, ആദ്യത്തേത് ഏപ്രിലിൽ ലഭിച്ചു. ഞങ്ങൾ എഞ്ചിനുകൾക്കായി കാത്തിരിക്കുകയാണെന്ന് എച്ച്എഎൽ പറഞ്ഞു. എഞ്ചിനുകൾ ഇവിടെയുണ്ട്, പക്ഷേ യുദ്ധവിമാനം എവിടെ?”- വ്യോമസേന വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ട് ചെയ്തു.

യുദ്ധ വിമാനങ്ങൾ വൈകാൻ കാരണം…

2021-ൽ ഒപ്പിട്ട 83 വിമാനങ്ങളുടെ കരാറനുസരിച്ച് 2024 ഫെബ്രുവരിയിൽ തന്നെ വിമാനങ്ങൾ നൽകിത്തുടങ്ങേണ്ടതായിരുന്നു. എന്നാൽ എൻജിൻ വിതരണം, സോഫ്റ്റ്‌വെയർ ഇന്‍റ‍ഗ്രേഷൻ, ടെസ്റ്റിംഗ് എന്നിവയിലെ പ്രശ്നങ്ങൾ കാരണം സമയ പരിധി ആവർത്തിച്ച് മാറ്റിവെച്ചു. ആദ്യ ബാച്ച് (ആറ് വിമാനങ്ങൾ) കൈമാറിയാലും സർട്ടിഫിക്കേഷൻ, ട്രയൽസ്, ഇൻഡക്ഷൻ പ്രക്രിയകൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും വേണമെന്നാണ് വ്യോമസേനയുടെ കണക്കുകൂട്ടൽ. അതിനാൽ 2026 പകുതിയാകും വരെ വിമാനങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

2021-ൽ ഒപ്പുവച്ച 48,000 കോടി രൂപയുടെ കരാർ പ്രകാരം 83 എംകെ1എ യുദ്ധവിമാനങ്ങളാണ് കൈമാറേണ്ടത്. സെപ്റ്റംബറിൽ, 62,370 കോടി രൂപ ചെലവിട്ട് 97 എംകെ1എ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. യുദ്ധവിമാനങ്ങൾ കൈമാറുന്നതിലെ കാലതാമസത്തിൽ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ് പലതവണ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മെയ് മാസത്തിൽ, ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: "സമയപരിധി നൽകിയിട്ട് ഒരു പദ്ധതി പോലും കൃത്യസമയത്ത് പൂർത്തിയാക്കിയിട്ടില്ല. അതിനാൽ ഇത് നമ്മൾ പരിശോധിക്കേണ്ട കാര്യമാണ്. സാധ്യമല്ലെങ്കിൽ പിന്നെ എന്തിന് വാഗ്ദാനം ചെയ്യണം? കരാർ ഒപ്പിടുമ്പോൾ, ചിലപ്പോൾ അത് സമയത്തിന് വരില്ലെന്ന് നമുക്ക് ഉറപ്പുണ്ടാകും, പക്ഷേ കരാറിൽ ഒപ്പിടുന്നു"

അതേസമയം ബെംഗളൂരുവിലെ ഉത്പാദന കേന്ദ്രം പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എച്ച്‌എ‌എൽ അവകാശപ്പെടുന്നു. എം‌കെ1എ വിമാനങ്ങൾക്കായുള്ള ഗ്രൗണ്ട്, ഫ്ലൈറ്റ് ടെസ്റ്റുകൾ കമ്പനി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും വ്യോമസേനയുടെ ആവശ്യം നിറവേറ്റുന്നതിനായി വിതരണ ശൃംഖല വികസിപ്പിച്ചിട്ടുണ്ടെന്നുമാണ് എച്ച്എഎല്ലിന്‍റെ വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ
'എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് ബോസിനോട് പറയണം', കണ്ണീരണിഞ്ഞ് യുവാവ്, ഇൻഡിഗോ ചതിയിൽ വലയുന്നത് നൂറുകണക്കിന് പേർ