
ദില്ലി: ഡിഫന്‍സ് റിസേര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷൻ (ഡിആര്‍ഡിഒ) നിർമ്മിച്ച അത്യാധുനിക പീരങ്കി സംവിധാനം ഇന്ത്യൻ കരസേനയുടെ ഭാഗമാകുകയാണ്. 45 കീലോമീറ്റർ വരെയുള്ള ലക്ഷ്യം തകർക്കാനാകുന്ന പീരങ്കി സംവിധാനം അതിർത്തിമേഖലകളിൽ ഇന്ത്യയ്ക്ക് വലിയ മേൽക്കൈയാകും. ഇതിലൂടെ പാക്കിസ്ഥാന് മറ്റൊരു മുന്നറിയിപ്പ് കൂടി ഇന്ത്യ നല്‍കുകയാണ്. പടിഞ്ഞാറാൻ അതിർത്തി മേഖലകളിൽ ഇന്ത്യൻ കരസേനയ്ക്ക് കരുത്താകാൻ എത്തുകയാണ് മൗണ്ടഡ് ഗൺ സംവിധാനം. ഇന്ത്യയുടെ പ്രതിരോധ നവീകരണത്തിൽ കുതിച്ചുച്ചാട്ടം എന്നാണ് മൗണ്ടഡ് ഗൺ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്.
ട്രക്കിൽ സ്ഥാപിച്ചിരിക്കുന്ന ഈ പീരങ്കി സംവിധാനത്തെ അതിർത്തിമേഖലയിൽ എവിടേക്കും വേഗത്തിൽ എത്തിക്കാനാകും. 45 കിലോമീറ്ററാണ് ആക്രമണപരിധി, ഒരു മിനിറ്റിൽ ആറ് റൗണ്ട് വെടിവെക്കാം. 85 സെക്കന്‍റുകൾ കൊണ്ട് പ്രവർത്തന സജ്ജമാകുന്നതാണ് മൗണ്ടഡ് ഗൺ. ആയുധ സംവിധാനത്തിന്‍റെ എൺപത് ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചവയാണ്. പടിഞ്ഞാറാൻ അതിർത്തികളിൽ മരഭൂമിയിലും, പർവതപ്രദേശങ്ങളിലടക്കം സ്ഥാപിച്ച് ശത്രുപാളത്തിലേക്ക് ആക്രമണം നടത്താനുതകുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ട്രെയിനിലോ, സി 17 യുദ്ധവിമാനത്തിലോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഈ സംവിധാനത്തെ കൊണ്ടുപോകാനാകും. രണ്ടരവർഷം കൊണ്ട് ഡിആര്‍ഡിഒ വികസിപ്പിച്ച പീരങ്കി സംവിധാനത്തിന് 6900 കോടി രൂപയാണ് ചെലവ്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നിയന്ത്രണ രേഖയിലെ പാകിസ്ഥാൻ പോസ്റ്റുകളിലും ബങ്കറുകളിലും നാശനഷ്ടങ്ങൾ വരുത്തിയത് പീരങ്കികൾ ഉപയോഗിച്ച് ശക്തമായ തിരിച്ചടി നൽകിയാണ്. ഇവ നവീകരിക്കുന്നത് കരയുദ്ധത്തിനുള്ള സൈന്യത്തിന്‍റെ ശേഷിക്ക് കൂടുതൽ കരുത്താകും.