
ദില്ലി: ഇന്ത്യൻ അതിർത്തി രക്ഷാ സേനയുടെ ഭാഗമാക്കിയ തദ്ദേശീയ വേട്ടപ്പട്ടികൾ ഈ വരുന്ന ഒക്ടോബർ 31 ന് ഗുജറാത്തിൽ നടക്കുന്ന ദേശീയ ഐക്യ ദിന പരേഡിൽ പങ്കെടുക്കും. വേഗതയ്ക്കും കരുത്തിനും ആക്രമണത്തിനും പേരുകേട്ട റാംപൂർ ഹൗണ്ട്, മുധോൾ ഹൗണ്ട് എന്നിവയാണ് ബിഎസ്എഫ് ജവാന്മാർക്കൊപ്പം പരേഡിൽ പങ്കെടുക്കുക. ഇന്ത്യയുടെ അതിർത്തി കാക്കുകയെന്ന അഭിമാന പദവിയിലേക്ക് ഉയർത്തപ്പെട്ട നായകളാണ് ഇവ. 2018 ജനുവരിയിൽ ബിഎസ്എഫിൻ്റെ ടെകൻപൂരിലെ നായ പരിശീലന കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി തദ്ദേശീയ നായകളെ പരിശിലീപ്പിക്കാൻ മുന്നോട്ട് വച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 40 ഓളം തദ്ദേശീയ നായ ഇനങ്ങളിൽ നിന്നുള്ളവയാണ് ഇവ.
യുപിയിൽ നവാബുമാർ തങ്ങളുടെ ഭരണകാലത്ത് വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന നായകളാണ് റാംപൂർ ഹൗണ്ട്. മറാത്ത യോദ്ധാക്കൾക്കൊപ്പം പ്രവർത്തിച്ച പാരമ്പര്യമുള്ള ഡെക്കാൻ പീഠഭൂമിയിൽ നിന്നുള്ള നായ വർഗമാണ് മുധോൾ ഹൗണ്ട്. ടെകൻപൂരിലെ നായ പരിശീലന കേന്ദ്രത്തിലും അനുബന്ധ സ്ഥാപനമായ കെ-9 കേന്ദ്രങ്ങളിലും ഈ ഇനം നായകളുടെ പരിശീലനവും പ്രജനനവും ബിഎസ്എഫ് ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തിൻ്റെ പടിഞ്ഞാറൻ, കിഴക്കൻ അതിർത്തികളിലും നക്സൽ സ്വാധീന മേഖലകളിലുമായി ഈ ഇനത്തിലെ 150 ഓളം നായകളെ വിന്യസിച്ചിട്ടുണ്ട്.
ലഖ്‌നൗവിൽ 2024 ൽ നടന്ന ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ 'റിയ' എന്ന മുധോൾ ഹൗണ്ട്, 116 വിദേശ ഇന നായകളെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന കാലാവസ്ഥയ്ക്കും ഏത് ഭൂതല സാഹചര്യത്തിലും അതിജീവിക്കാനുള്ള കരുത്തുള്ള നായകളാണ് ഇവ. വിദേശ ഇനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ പരിശീലിപ്പിച്ചെടുക്കാം എന്നതും അനുകൂല ഘടകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam