
മനില: ഫിലിപ്പീൻസിൽ ഇന്ത്യൻ ദമ്പതികൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെ പഞ്ചാബ് സ്വദേശികളായ ദമ്പതികളെ അജ്ഞാതർ വെടിവെച്ചു കൊന്നത്. സുഖ് വിന്ദർസിങ്, കിരൺദീപ് കൗർ എന്നിവരാണ് കൊല്ലപ്പെട്ടവർ. കഴിഞ്ഞ 19 വർഷമായി മനിലയിൽ ഫൈനാൻസ് ഇടപാടുകൾ നടത്തിവരികയാണ് സുഖ് വിന്ദർ സിങ്. സഹോദരൻ ലഖ് വീർ സിങും മനിലയിലാണ് താമസം.
മൂന്നുവർഷം മുമ്പാണ് സുഖ് വിന്ദർ സിങ് വിവാഹിതനാവുന്നത്. തുടർന്ന് ഭാര്യയായ കിരൺദീപ് കൗറിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സഹോദരനായ ലഖ് വീർ സിങ് ഇന്ത്യയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് സഹോദരൻ കൊല്ലപ്പെടുന്നത്. സഹോദരനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് അമ്മാവനോട് വീട്ടിൽ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു. അമ്മാവൻ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സുഖ് വിന്ദർ സിങിന്റെ ശരീരത്തിൽ നിരവധിതവണ വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു.
സംഭവത്തിൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു അജ്ഞാൻ വീട്ടിലേക്ക് കയറി വരികയും കിരൺ ദീപ് കൗറിനെ തോക്കിന്റെ മുനയിൽ നിർത്തി സുഖ് വിന്ദർ സിങിനെ വെടിവെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുഖ് വിന്ദർ സിങിനെ ഒന്നിൽ കൂടുതൽ തവണ വെടിവെക്കുന്നത് കാണാം. കുടുംബത്തിന് യാതൊരു തരത്തിലുമുള്ള ശത്രുക്കളും നിലവിലില്ല. എന്നാൽ ഇന്ത്യൻ സർക്കാർ അന്വേഷണത്തിനായി ഫിലിപ്പീൻസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ലഖ് വീർ സിങ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam