
ദില്ലി: ദില്ലിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേടുകൾ പൊളിച്ചത് നിയന്ത്രിത നടപടി എന്ന് സർക്കാർ വൃത്തങ്ങൾ. അനധികൃതമായി നിർമ്മിച്ച ക്യൂ നിയന്ത്രണ സംവിധാനവും ഷെഡുമാണ് പൊളിച്ചത്. ഇസ്ലാമാബാദിൽ സമാന നടപടി പാകിസ്ഥാൻ സ്വീകരിച്ചിരുന്നു. നടപടി ഇതിനപ്പുറം കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെയാണ് പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് ബൊള്ളാർഡുകളും ബാരിക്കേഡുകളും വിസ വിഭാഗത്തിന് സമീപത്തെ ക്യൂ നിയന്ത്രണ സംവിധാനവും പൊളിച്ചു നീക്കിയത്. മൂന്ന് ദിവസം മുമ്പ് സമാന നടപടി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പാകിസ്ഥാൻ നടത്തിയിരുന്നു. ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളാണ് പാക് അധികൃതർ നീക്കം ചെയ്തിരുന്നത്.
ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിൻ്റെ പ്രതികരണത്തിനെതിരെ പാകിസ്ഥാനിൽ അമർഷം ഉണ്ടായതിനിടെ ആണ് പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിലെ നിർമ്മിതികൾ പൊളിച്ചു നീക്കിയത്. ഇക്കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ നടത്തിയ സന്ദർശത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സെർജിയോ ഗോർ ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് പറഞ്ഞത്.
ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നും തൻ്റെ ആദ്യ സന്ദർശനമാണെന്നും ഇത് വിശ്വസിക്കാനാവാത്തത്ര മനോഹരമായ സ്ഥലമാണെന്നും ഇവിടെ വന്നതിലും ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു യുഎസ് അംബാസഡറുടെ പ്രതികരണം. ഇതിനെതിരെ പാകിസ്ഥാൻ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയായിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് അംബാസഡർ സെർജിയോ ഗോർ, കശ്മീരിലേക്ക് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam