
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. ഹൈദരാബാദ് മാധാപുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി(26)യാണ് മരിച്ചത്. സംഭവത്തിൽ രാജ്യസഭാ എംപിയായ ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷി(21)നെതിരേ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഓഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ഇതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജനസേന പാർട്ടിയുടെ രാജ്യസഭാംഗവും വ്യവസായിയുമായ ലിംഗമനേനി രമേശിന്റെ മകൻ സഞ്ജുഷ് ആണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നോട്ടീസ് നൽകിയതായും മാധാപുർ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam