
ദില്ലി: യാത്രാ പദ്ധതികൾ അപ്രതീക്ഷിതമായി മാറുമ്പോൾ ഉപയോഗശൂന്യമാകുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് തലവേദനയാകില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ നയം നടപ്പാക്കാൻ ഒരുങ്ങുകയാണ്. കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് ഇല്ലാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എൻഡിടിവിയോട് പറഞ്ഞു. ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.
നിലവിൽ, യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. റദ്ദാക്കുന്ന സമയത്തിനനുസരിച്ച് വലിയ തുക പിഴയായി ഈടാക്കുന്ന ഈ പ്രക്രിയ വളരെ ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാണ്. 'ഈ സമ്പ്രദായം അന്യായമാണ്, യാത്രക്കാരുടെ താൽപ്പര്യത്തിന് എതിരുമാണ്' മന്ത്രി പറഞ്ഞു. യാത്രക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ നടപ്പിലാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. അതിൽ ഗ്യാരണ്ടിയില്ല എന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. കൂടാതെ, പുതിയ ടിക്കറ്റിന് കൂടുതൽ നിരക്കുണ്ടെങ്കിൽ യാത്രക്കാർ ആ നിരക്ക് തന്നെ നൽകേണ്ടിവരും. നിലവിലെ നിയമങ്ങൾ അനുസരിച്ച്, പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് പിഴ വർദ്ധിക്കും. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ റദ്ദാക്കലുകൾക്ക് സാധാരണയായി പണം തിരികെ ലഭിക്കാറില്ല. കനത്ത റദ്ദാക്കൽ ഫീസ് കാരണം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam