
ന്യൂഡൽഹി: ട്രെയിനിലെ കിടക്കവിരികൾ ഷാൾ പോലെ ധരിച്ച് യുവാക്കൾ. ട്രെയിനുകളിൽനിന്ന് കിടക്കവിരി മോഷണം പോകുന്നത് വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മൂന്ന് പുരുഷന്മാർ കിടക്കവിരി ഷാൾപോലെ അണിഞ്ഞ് റോഡരികിലെ ഒരു കടയിൽ നിൽക്കുന്ന ദൃശ്യങ്ങൾ വൈറലായത്. വെസ്റ്റേൺ റെയിൽവേയുടെ മുദ്രയുള്ള കിടക്കവിരികളാണ് മൂന്നുപേരും ധരിച്ചിരുന്നത്. അതിനാൽ, വെസ്റ്റേൺ റെയിൽവേ ഓപ്പറേറ്റ് ചെയ്യുന്ന ട്രെയിനിൽനിന്നാകും ഇത് എടുത്തതെന്ന് കരുതുന്നു. അതേസമയം, പ്രചരിക്കുന്ന വീഡിയോയിലുള്ളവർ ആരാണെന്നോ എവിടെവെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നോ ഇതുവരെ വ്യക്തമല്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.
ട്രെയിനുകളിലെ എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന കിടക്കവിരികളും മറ്റും യാത്രക്കാർ മോഷ്ടിച്ചകൊണ്ടുപോകുന്ന സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓരോ രാത്രിയും രാജ്യത്തെ വിവിധ ട്രെയിനുകളിലായി ഏകദേശം എട്ട് ലക്ഷം യാത്രക്കാർക്കാണ് റെയിൽവേ കിടക്കവിരി നൽകുന്നത്. ഇവരിൽ ഭൂരിഭാഗം പേരും യാത്രയ്ക്ക് ശേഷം ഇത് തിരികെ ഏൽപ്പിക്കും. എന്നാൽ ആയിരത്തിൽ ഒരു യാത്രക്കാരൻ കിടക്കവിരി കൈക്കലാക്കി കടന്നുകളയുന്നതായാണ് റിപ്പോർട്ട്. 2022 ജനുവരി മുതൽ 2026 മേയ് വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയിൽനിന്ന് ബെഡ്റോളിലെ 1.27 കോടി സാധനങ്ങൾ മോഷണംപോയെന്നാണ് വിവരാവകാശപ്രകാരം നേരത്തേ ലഭിച്ച മറുപടി. ഇതിൽ 41.13 ലക്ഷം കിടക്കവിരികളും 46.54 ലക്ഷം ഫെയ്സ് ടവലുകളഉം 23.59 ലക്ഷം തലയണകവറുകളും 12.95 ലക്ഷം ബ്ലാങ്കറ്റുകളും 2.76 ലക്ഷം തലയണകളും ഉൾപ്പെടുന്നു. ഇതിലൂടെ മാത്രം ഇക്കാലയളവിൽ 104.51 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam