
ദില്ലി: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർത്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ്. അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നും കോൺഗ്രസ് വിമർശിച്ചു. സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി വിർശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണം വീണ്ടും ഉയർത്തിയാണ് രാഹുലിൻ്റെ പ്രതികരണം.
പ്രധാനമന്ത്രി മറ്റുള്ളവരുടെ പാവയായി മാറിയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. അമേരിക്കക്ക് മുന്നിലെ കീഴങ്ങടൽ രാജ്യത്തിൻ്റെ അന്തസ് ഇല്ലാതാക്കലാണ്. പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചത് എന്തിനാണ്. ഖമനേയി വധത്തിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. എപ്സ്റ്റീൻ ഗ്യാങ്ങിൽ നിന്ന് അനുവാദം ലഭിച്ചാൽ മാത്രമേ പ്രധാനമന്ത്രി മൗനം വെടിയൂ. എപ്സ്റ്റീൻ ഗ്യാങ്ങിൻ്റെ പിടിയിലാണ് മോദിയെന്നും പവൻ ഖേര പറഞ്ഞു.
38 കപ്പലുകളും പന്ത്രണ്ടായിരം നാവികരും കുടുങ്ങി കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രവർത്തന ശൈലിയിൽ വാസുദേവ് കുടുംബകത്തിന്റെ കണിക പോലും ഇല്ല. പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണ്. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റ കളങ്കമാണ്. പ്രധാനമന്ത്രി സമ്മർദ്ദത്തിലാണെന്ന് ബജറ്റ് സമ്മേളനത്തോടെ വ്യക്തമായി. എപ്സ്റ്റീനിൻ ഫയലിൽ നിന്നും ഗൗതം അദാനിയിൽ നിന്നും മോദിക്ക് സമ്മർദമുണ്ട്. പെട്രോളിയം മന്ത്രി എവിടെ ആണെന്ന് അറിയില്ല. എപ്സ്റ്റീൻ്റെ പിടിയിലാണ്. കേന്ദ്ര മന്ത്രിമാർ മൗനം തുടരുകയാണ്. മന്ത്രിമാർ എവിടെ. വിദേശകാര്യ മന്ത്രി ചിരിക്കുകയാണ്. എപ്സ്റ്റീനിൻ്റെ സംഘം ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ്. ശബ്ദം ഉയർത്തുന്നവരെ നിശബ്ദമാക്കാൻ മാത്രമാണ് സർക്കാരിന് തിടുക്കം. അപലപിക്കാൻ പോലും കഴിയുന്നില്ല. ഇതാണോ പുതിയ ഇന്ത്യ എന്നും ഖേര ചോദിച്ചു.
ഇന്ത്യൻ മഹാസമുദ്ര മേഖല രാജ്യത്തിൻ്റെ നിർണായക മുൻഗണനകളിൽ ഒന്ന് എന്നാണ് പ്രധാനമന്ത്രി പറയാറുള്ളത്. എന്നിട്ട് എന്ത് സംഭവിച്ചു ഇറാൻ കപ്പലിന് ? അതിഥിയായ ഇറാനിയൻ കപ്പൽ അമേരിക്ക ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കി. അതിഥിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. അമേരിക്കയുടെ നീക്കം അറിയില്ലായിരുന്നോ?. ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിൻ്റെ ശേഷി എന്താണെന്ന് ലോകം മുഴുവൻ കണ്ടു. മോദി കാര്യമായി എന്തിനെയോ പേടിക്കുന്നു. അത് മോദിയുടെ ശരീരഭാഷയിൽ നിന്ന് മനസ്സിലാകും. ഇസ്രായേലിന്റെ ശത്രു എങ്ങനെ ഇന്ത്യയുടെ ശത്രുവാകും. ഇന്ത്യയുടെ പ്രതിരോധ - വിദേശ നയങ്ങൾ നിയന്ത്രിക്കുന്നത് എപ്സ്റ്റീൻ ഗ്യാങ് ആണ്. എപ്സ്റ്റീൻ ഫയൽ വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് ആദരാജ്ഞലി അർപ്പിക്കുന്നുവെന്നും പവൻ ഖേര പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam