കൂടിക്കാഴ്ചയ്ക്കിടെ യുവതി വീണ്ടും വിവാഹകാര്യം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്. നവാദ ജില്ലയിലെ നർദിഗഞ്ച് ബ്ലോക്കിൽ സർവേ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന യുവാവ് വിവാഹത്തിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
പട്ന: വിവാഹത്തേക്കുറിച്ചുള്ള തർക്കത്തിന് പിന്നാലെ കാമുകിയെ ബൈക്കിൽ വലിച്ചിഴച്ച് യുവാവ്. ബീഹാറിലെ നളന്ദയിലാണ് സംഭവം. മോട്ടോർ സൈക്കിളിൽ തൂങ്ങിക്കിടന്ന യുവതിയുമായി നിയന്ത്രണം നഷ്ടമായ റോഡരികിൽ ബൈക്ക് ഇടിച്ച് മറിഞ്ഞതോടെ യുവാവിനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നതും പോലീസ് അന്വേഷണം ആരംഭിച്ചതും.നവാദ ജില്ലക്കാരനായ കാമുകനെ കാണാനായാണ് യുവതി രാജ്ഗീറിലേക്ക് എത്തിയത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും രാജ്ഗീറിൽ വെച്ച് പതിവായി കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയ്ക്കിടെ യുവതി വീണ്ടും വിവാഹകാര്യം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്. നവാദ ജില്ലയിലെ നർദിഗഞ്ച് ബ്ലോക്കിൽ സർവേ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന യുവാവ് വിവാഹത്തിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തുടർന്ന് അവിടെനിന്ന് സ്ഥലംവിടാൻ യുവാവ് തീരുമാനിക്കുകയായിരുന്നു.
യുവാവ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ചപ്പോൾ യുവതി ബൈക്കിൽ പിടിച്ച് തടയാൻ ശ്രമിച്ചു. എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ റോഡിലൂടെ നൂറുമീറ്ററോളം വലിച്ചിഴച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. ഈ സമയം വഴിപോക്കരായ ആളുകൾ ബൈക്കിന് പിന്നാലെ ഓടുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. തുടർന്ന് നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ മറിഞ്ഞ് രണ്ടുപേരും റോഡിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും മറ്റുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവതി തന്റെ ഭാര്യയാണെന്നും ഇത് തങ്ങളുടെ കുടുംബകാര്യമാണെന്നുമാണ് യുവാവ് അവകാശപ്പെട്ടത്. നാലോ അഞ്ചോ ദിവസം മുമ്പാണ് ഈ സംഭവം നടന്നതെന്നും പ്രണയിതാക്കൾ തമ്മിലുള്ള വിവാഹതർക്കമാണ് ഇതിന് പിന്നിലെന്നും രാജ്ഗീർ സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിജീത് കുമാർ അറിയിച്ചു. സംഭവത്തിൽ യുവതി നവാദയിലെ നർദിഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.


