96 കോടിയുടെ സ്വത്തുക്കൾ, ഭാര്യയ്ക്ക് അതിലേറെ; കന്നിയങ്കത്തിനിറങ്ങിയ പ്രശാന്ത് കിഷോറിൻ്റെ ആസ്തി വിവരങ്ങൾ ഇങ്ങനെ

Published : Jul 14, 2026, 03:47 PM IST
Prashant Kishor Assets

Synopsis

ബങ്കിപ്പൂ‍ർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ. തനിക്ക് 96 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഭാര്യയ്ക്ക് 101.93 കോടി രൂപയുടെ ആസ്തിയുണ്ടെന്നും പ്രശാന്ത് കിഷോ‍ർ.

പാറ്റ്ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറിൻ്റെ ആസ്തി വിവരങ്ങൾ പുറത്ത്. ബിഹാറിലെ ബങ്കിപ്പൂ‍ർ നിയമസഭാ സീറ്റിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രശാന്ത് കിഷോർ ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയത്. സ്ഥാവര ജംഗമ വസ്തുക്കളടക്കം 96 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് പ്രശാന്ത് കിഷോർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. ഭാര്യയ്ക്ക് 101.93 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പറ്റ്നയിലെ ജില്ലാ കളക്ടറേറ്റിലേക്ക് പദയാത്രയായി എത്തിയാണ് പ്രശാന്ത് കിഷോർ നാമനിർദേശ പത്രിക സമർപ്പിച്ചത്. ആകെ 96 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്ന് പ്രശാന്ത് കിഷോർ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു. ഇതിൽ 22.19 കോടി രൂപയുടെ ജംഗമ സ്വത്തും 73.87 കോടി രൂപയുടെ സ്ഥാവര സ്വത്തും ഉൾപ്പെടുന്നതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭാര്യയ്ക്ക് 89.51 കോടി രൂപയുടെ ജംഗമ സ്വത്തും 12.42 കോടി രൂപയുടെ സ്ഥാവര സ്വത്തും അടക്കം 101.93 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രശാന്ത് കിഷോറിൻ്റെ കൈവശം 65,570 രൂപയും ഭാര്യയുടെ കൈവശം 1,95,200 രൂപയും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കി. സ്വകാര്യ കമ്പനിയുടെ 100 ശതമാനം ഓഹരിയും പ്രശാന്ത് കിഷോറിൻ്റെ കൈവശമാണ്. 2024-25 സാമ്പത്തിക വ‍‍ർഷം പ്രശാന്ത് കിഷോറിന്റെ കമ്പനി ജൻ സുരാജ് പാർട്ടിക്ക് 85 കോടി രൂപയും ജൻ സുരാജ് ഫൗണ്ടേഷന് 50 ലക്ഷം രൂപയും സംഭാവനയായി നൽകി. തനിക്കെതിരെ എട്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഒരു കേസിലും ശിക്ഷിച്ചിട്ടില്ലെന്നും പ്രശാന്ത് കിഷോർ സത്യവാങ്മൂലത്തിൽ അറിയിച്ചു.

സിറ്റിങ് എംഎൽഎയായിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുട‍ർന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് ബങ്കിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം ആദ്യം ജൻ സുരാജ് പാ‍ർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് ഭാരതി ആണ് പ്രശാന്ത് കിഷോറിൻ്റെ സ്ഥാനാ‍ർത്ഥിത്വം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ പ്രശാന്ത് കിഷോറിനും ജൻ സുരാജ് പാർട്ടിക്കും ബങ്കിപ്പൂരിലെ മത്സരം അഭിമാനപോരാട്ടമാണ്. ബിഹാറിൽ കഴിഞ്ഞ വ‍‌ർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ജൂലൈ 30നാണ് ബങ്കിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓ​ഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ; ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധം
ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ, നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം, ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധം