
ലഖ്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ യുവതി ഹോട്ടൽമുറിയിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവതി കുഴഞ്ഞുവീണ് മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഝാൻസി സ്വദേശിയായ മസ്കന്റെ(28) മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മസ്കനെ ഭർത്താവ് നിലേഷ് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ പരാതി.
ശനിയാഴ്ച രാവിലെയാണ് ഝാൻസിയിലെ ഹോട്ടലിൽവെച്ച് മസ്കൻ കുഴഞ്ഞുവീണ് മരിച്ചതെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. ചെക്ക് ഔട്ടിന് മുൻപായി ഹോട്ടൽമുറിയിലേക്ക് വരുന്നതിനിടെ മുറിക്ക് മുന്നിൽവെച്ച് മസ്കൻ കുഴഞ്ഞുവീണെന്നും തുടർന്ന് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ ആശുപത്രിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും ഇയാളുടെ മൊഴിയിൽ പറയുന്നു. ഭർത്താവിന്റെ മൊഴിയിൽ പറയുന്നത് പോലെയാണ് സിസിടിവി ദൃശ്യങ്ങളും. ഹോട്ടൽ ജീവനക്കാരനും നിലേഷും മസ്കനും മുറിയിലേക്ക് നടന്നുവരുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ജീവനക്കാരനും നിലേഷും ആദ്യം മുറിക്കുള്ളിൽ പ്രവേശിച്ചു. പിന്നാലെ മുറിയിലേക്ക് പ്രവേശിച്ചയുടൻ യുവതി പുറത്തേക്ക് വീഴുന്നതും ഭർത്താവ് ഓടിയെത്തി യുവതിയെ വിളിച്ച് എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം, മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ഭർത്താവ് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം പറയുന്നു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ നിലേഷും ഝാൻസി സ്വദേശിയായ മസ്കനും നാലുമാസം മുൻപാണ് വിവാഹിതരായത്. റെയിൽവേ ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഒക്ടോബർ പത്താം തീയതിയാണ് ഝാൻസിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒക്ടോബർ 23-ന് ഭർത്താവ് നിലേഷും ഝാൻസിയിലെത്തി. തുടർന്ന് നിലേഷിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് മസ്കനെ കൂട്ടിക്കൊണ്ടുപോയത്. എന്നാൽ, ദമ്പതിമാർ ബന്ധുവിന്റെ വീട്ടിലെത്തിയിട്ടില്ലെന്നും 23-ാം തീയതി ഹോട്ടലിലേക്കാണ് പോയതെന്നും ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടാണ് നിലേഷ് തന്നെ വിളിച്ചതെന്നാണ് മസ്കന്റെ പിതാവ് ആഹിർവാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, ഹോട്ടലിൽ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടെ നിലേഷ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഒടുവിൽ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് മകൾ മരിച്ചവിവരം അറിഞ്ഞതെന്നും പിതാവ് പറഞ്ഞു.
മകളെ വിവാഹം കഴിക്കുന്നതിന് മുൻപ് നിലേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. ആദ്യവിവാഹം മറച്ചുവെച്ചാണ് നിലേഷ് മസ്കനെ വിവാഹം കഴിച്ചതെന്നും പറയുന്നു. വിവാഹശേഷം ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായിരുന്നു. മസ്കനെ തന്റെ ആദ്യഭാര്യയോട് താരതമ്യംചെയ്താണ് നിലേഷ് പലപ്പോഴും സംസാരിച്ചിരുന്നത്. മസ്കനെക്കാൾ ഭേദം ആദ്യഭാര്യയാണെന്ന് പറഞ്ഞ് നിലേഷ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
യുവതിയുടെ കുടുംബത്തിന്റെ പരാതി പരിശോധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് പ്രീതി സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു. യുവതിയുടെ ഭർത്താവിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരുകയുള്ളൂവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
🚨 NEWLYWED WOMAN DIES AFTER COLLAPSING AT JHANSI HOTEL
CCTV footage from a hotel in Jhansi, Uttar Pradesh shows Muskan collapsing near a room’s doorway while staying at the hotel with her husband.
Her family has alleged foul play while police are investigating the circumstances surrounding her death.
🎥 CCTV Footage
#Jhansi #UttarPradesh
— contentkikamii (@contentkikamii) October 26, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam