സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. മുപ്പത്തടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കേസിലാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബാങ്കിന്റെ രേഖകൾ പരിശോധിക്കാൻ രജിസ്ട്രാർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

ദില്ലി: സഹകരണ ബാങ്കിലെ അംഗത്തിന് ആവശ്യപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. മുപ്പത്തടം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അംഗമായ പി.ആർ. രാമചന്ദ്രൻ നൽകിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ബാങ്കും ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള കെട്ടിട നിർമാണ കരാറിന്റെ പകർപ്പും ബാങ്കിന്റെ അവസാന ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സും ആയിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ബാങ്ക് വിവരാവകാശ നിയമപ്രകാരമുള്ള പൊതു അതോറിറ്റില്ലെന്ന വാദം ഉയർത്തി രേഖകൾ നിഷേധിച്ചതിനെ തുടർന്നാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.

എന്നാൽ, കേരള സഹകരണ സംഘ നിയമപ്രകാരം സഹകരണ സംഘങ്ങളുടെ രേഖകൾ പരിശോധിക്കാനും ആവശ്യപ്പെടാനും രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു സ്ഥാപനം ആർടിഐ നിയമപ്രകാരമുള്ള പൊതു അതോറിറ്റില്ലെങ്കിലും നിയമപ്രകാരം ഒരു പൊതു അതോറിറ്റിക്ക് ലഭ്യമാക്കാൻ കഴിയുന്ന രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. രേഖകൾ ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണം ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കണമെന്ന ബാങ്കിന്റെ വാദവും കോടതി അംഗീകരിച്ചില്ല.

അന്വേഷണം ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് തന്നെ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ട രേഖകൾ വാണിജ്യ രഹസ്യങ്ങളോ ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ബാങ്കിന്റെ നിർമാണ കരാറും ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സും ആവശ്യപ്പെട്ടത് ബാങ്കിലെ അംഗമാണ്. അതിനാൽ, രേഖകൾ ബാങ്കിന്റെ സ്വകാര്യ വിവരങ്ങളാണെന്നോ പൊതുതാൽപര്യവുമായി ബന്ധപ്പെട്ടതല്ലെന്നോ പറഞ്ഞ് അംഗത്തിന് നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ബാങ്കുമായി ബന്ധമില്ലാത്ത ഒരാൾ സമാനമായ രേഖകൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്ഥിതി വ്യത്യസ്തമായിരിക്കാമെന്നും വിധിയിൽ പരാമർശിക്കുന്നു.

കേരള സഹകരണ സംഘ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്ട്രാർക്ക് സഹകരണ സംഘങ്ങളുടെ രേഖകൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാർ രണ്ട് രേഖകളും ഉടൻ ആവശ്യപ്പെടണമെന്നും പരമാവധി രണ്ടാഴ്ചയ്ക്കകം ഹർജിക്കാരന് കൈമാറണമെന്നും നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മുപ്പത്തടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നൽകിയ രണ്ട് അപ്പീലുകളും തള്ളി. കേസിൽ മുപ്പത്തടം സഹകരണബാങ്കിനായി മുതിർന്ന അഭിഭാഷകൻ എസ് പി ചാലി, അഭിഭാഷകൻ പി എസ് സുധീർ എന്നിവർ ഹാജരായി. സംസ്ഥാന വിവരാവകാശ കമ്മീഷനായി അഭിഭാഷകൻ എം.ആർ. അഭിലാഷും ഹാജരായി.