
റാഞ്ചി: മഹാരാഷ്ട്രയിലെയും ബിഹാറിലെയും അപ്രതീക്ഷിത സർക്കാർ മാറ്റത്തിന് പിന്നാലെ ജാർഖണ്ഡിലും രാഷ്ട്രീയ കാലാവസ്ഥ സംഘർഷ ഭരിതമാകുന്നു. ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കമെന്ന ആരോപണവുമായി മഹാസഖ്യ നേതാക്കൾ രംഗത്തെത്തിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും രാജ്യ ശ്രദ്ധയാകർഷിക്കുകയാണ്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ ജെ എം എം - കോൺഗ്രസ് നേതൃയോഗങ്ങളും അടിയന്തരമായി വിളിച്ചു ചേർക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം മുഴുവൻ എം എൽ എമാരും ഇന്ന് റാഞ്ചിയിലെത്താൻ നേതൃത്വം നിർദ്ദേശം നൽകിക്കഴിഞ്ഞു.
പാർട്ടി യോഗങ്ങൾക്ക് ശേഷം മഹാസഖ്യ മുന്നണി യോഗവും ചേരും. ജാർഖണ്ഡിൽ നിന്നുള്ള മൂന്ന് എം എൽ എ മാരെ ബംഗാളിൽ നിന്ന് പണവുമായി പിടികൂടിയതിന് പിന്നാലെ ഓപ്പറേഷൻ ലോട്ടസ് ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബി ജെ പി നീക്കങ്ങൾ ശക്തമാക്കിയെന്ന സൂചന കിട്ടിയതോടെയാണ് പ്രതിരോധിക്കാനുള്ള കോൺഗ്രസിന്‍റെ ശ്രമം. ഹേമന്ത് സോറന്‍ സർക്കാരിനെ എങ്ങനെയും നിലനിർത്താനുള്ള ശ്രമത്തിലാണ് മഹാസഖ്യം.
വീണ്ടും കലങ്ങി മറിയുമോ ബിഹാര്‍ ? മന്ത്രിമാരെ ചൊല്ലി തർക്കം; മഹാസഖ്യത്തില്‍ അതൃപ്തി
അതേസമയം ബിഹറിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കഴിഞ്ഞ ആഴ്ച അധികാരത്തിലേറിയ ബിഹാര്‍ സർക്കാരിൽ അതൃപ്തി പരസ്യമാകുന്നുവെന്നതാണ്. ആർജെഡിയുടെ നിയമമന്ത്രിക്കെതിരായ കേസിനെ ചൊല്ലി ബിഹാര്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. പ്രതിപക്ഷ വിമര്‍ശനം ശക്തമായതോടെ മന്ത്രി കാര്‍ത്തിക് സിംഗിനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെയും ജെഡിയുവിലെയും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പട്ടു. മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഇതിനിടെ ജെഡിയു എംഎല്‍എ ഭീഷണി മുഴക്കി. നിയമമന്ത്രി കാര്‍ത്തിക് സിംഗിനെതിരെ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് മുറുകുന്നത്. രാജീവ് രംഗന്‍ സിംഗ് എന്ന വ്യക്തിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ആർജെഡിയുടെ മന്ത്രിക്കെതിരെ ചുമത്തിയത്. നടപടികള്‍ റദ്ദാക്കണമെന്ന സിംഗിന്‍റെ ഹര്‍ജി ബിഹാര്‍ ഹൈക്കോടതി തള്ളുകളും ചെയ്തു. നിലവില്‍ അറസ്റ്റ് വാറണ്ടുമുണ്ട്. മന്ത്രിക്കെതിരായ കേസ് ആയുധമാക്കി ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ മഹാസഖ്യത്തിനെതിരെ വലിയ ആക്ഷേപമാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് വീണ്ടും ഗുണ്ടാരാജും അഴിമതിയും തുടങ്ങിയെന്നും കള്ളന്മാരാകും ഇനി ബിഹാര്‍ ഭരിക്കുകയെന്നും മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പരിഹസിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam