Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ കണ്ണുവച്ച് എഎപി; മോദിയെ മടയിൽ നേരിടാൻ കെജ്രിവാൾ, സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ചൂലെടുത്തിറങ്ങുമ്പോൾ!

മറ്റ് പാ‍ർട്ടികൾ ചിന്തിക്കും മുന്നേ സ്ഥാനാ‍ർഥികളെ രംഗത്തിറക്കാൻ തുടങ്ങി ഗുജറാത്തിൽ രാഷ്ട്രീയ പോരാട്ടത്തിന് കാഹളം മുഴക്കി കെജ്രിവാളും സംഘവും നിൽക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയവും ഗാന്ധി പിറന്ന നാട്ടിൽ കണ്ണുവയ്ക്കുകയാണ്

Arvind Kejriwal AAP Ready for Gujarat Assembly polls ahead of bjp and congress
Author
Ahmedabad, First Published Aug 18, 2022, 8:00 PM IST

അഹമ്മദാബാദ്: പഞ്ചാബിൽ അധികാരത്തിലേറിയതുമുതൽ അരവിന്ദ് കെജ്രിവാളിന്‍റെ എ എ പിക്ക് ദേശീയ തലത്തിലുള്ള രാഷ്ട്രീയ പ്രാധാന്യം വ‍ർധിച്ചിരുന്നു. ദേശീയ തലത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ബദൽ എന്ന ആശയത്തിൽ തന്നെയാണ് ആം ആദ്മി ചൂലെടുത്തതെങ്കിലും ഇടയ്ക്കൊക്കെ പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികളിലും കെജ്രിവാളും പാർട്ടിയും അരയും തലയും മുറുക്കി എത്താറുണ്ട്. ഒരൊറ്റ തൂത്തുവാരലിലൂടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ് എ എ പിയുടെ ഇതുവരെയുള്ള ശൈലി. അത് 9 വർഷങ്ങൾക്ക് മുമ്പ് രാജ്യ തലസ്ഥാനത്തും ഇക്കഴിഞ്ഞ വർഷം പഞ്ചാബിലും ഏവരും കണ്ടതാണ്. ഇപ്പോഴിതാ ഗുജറാത്തിലാണ് ആം ആദ്മി കണ്ണുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് മറ്റ് പാ‍ർട്ടികൾ ചിന്തിക്കും മുന്നേ സ്ഥാനാ‍ർഥികളെ രംഗത്തിറക്കാൻ തുടങ്ങി ഗുജറാത്തിൽ രാഷ്ട്രീയ പോരാട്ടത്തിന് കാഹളം മുഴക്കി കെജ്രിവാളും സംഘവും നിൽക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയവും ഗാന്ധി പിറന്ന നാട്ടിൽ കണ്ണുവയ്ക്കുകയാണ്. ദില്ലിയിലും പഞ്ചാബിലും അധികാരം പിടിച്ച വിപ്ലവം ഗുജറാത്തിലും സാധ്യമാക്കുമെന്നാണ് കെജ്രിവാളിന്‍റെ വെല്ലുവിളി. അങ്ങനെ സംഭവിച്ചാലോ, മികച്ച പോരാട്ടം നടത്താനായാലോ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഇടയിൽ ദില്ലി മുഖ്യമന്ത്രിയുടെ സ്ഥാനം വലുതാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാട്ടിൽ, അദ്ദേഹത്തിന്‍റെ മടയിൽ കയറി നേരിടാൻ കെജ്രിവാൾ തയ്യാറാകുന്നതും.

അധികാരത്തിലെത്തിയാൽ 10 ലക്ഷം തൊഴിൽ, ജോലിയില്ലാത്തവർക്ക് 3000 രൂപ; വൻ വാ​ഗ്ദാനവുമായി ​ഗുജറാത്തിൽ കെജ്രിവാൾ

സ്ഥാനാർത്ഥികളെ ആദ്യം രംഗത്തിറക്കുന്ന ശൈലി ഗുജറാത്തിലും

ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണഘട്ടത്തിലേക്ക് സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷമായ കോൺഗ്രസും കടക്കാനൊരുങ്ങവെയാണ് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയുള്ള എ എ പിയുടെ രംഗപ്രവേശം. രണ്ട് ഘട്ടങ്ങളിലായി 19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആം ആദ്മി ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ പത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ച എ എ പി ഇന്ന് 9 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി ഭരണ - പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് കടന്നാക്രമിക്കുന്ന ശൈലിയാണ് ആം ആദ്മിയുടേത്. ദില്ലിയിലും പഞ്ചാബിലുമൊക്കെ സമാന ശൈലിയാണ് പാർട്ടി അവലംബിച്ചിരുന്നത്. ഇതിന് രണ്ട് സംസ്ഥാനത്തും ഗുണം ലഭിച്ചിരുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം അധികാരത്തിലേറുന്ന നിലയിലേക്കാണ് രണ്ട് സംസ്ഥാനത്തും എ എ പി പടർന്നുകയറിയത്. അതേ തന്ത്രം തന്നെയാണ് ഗുജറാത്തിലും കെജ്രിവാൾ പയറ്റുന്നത്. ഗുജറാത്തിൽ അടുത്ത കാലത്താണ് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന നിലയിലേക്ക് പാർട്ടി വളർന്നത്. പക്ഷേ ഗുജറാത്തിൽ എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.

ഒരു വർഷത്തിൽ ഭരണം തൂത്തുവാരുന്ന 'ചൂൽ' ശൈലി

ചൂൽ ചിഹ്നം പോലെത്തന്നെ വിജയിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തൂത്തുവാരി ഭരണം പിടിക്കുന്ന ശൈലിയാണ് ആം ആദ്മി പാർട്ടിയുടെ ഇതുവരെയുള്ള ചരിത്രം. സാധാരണക്കാരുടെ മുന്നേറ്റമെന്ന് ആപ്പ് വിശേഷിപ്പിക്കുന്ന പടയോട്ടത്തിൽ കടപുഴകിയ വൻമരങ്ങൾ നിരവധിയാണ്. അധികാരം പിടിച്ചത് രണ്ട് സംസ്ഥാനങ്ങളാണെങ്കിലും അത് പിന്നെ കൈവിട്ടിട്ടുമില്ലെന്ന ചരിത്രവും ഇതുവരെ ആപ്പിന് മാത്രമാണ് സ്വന്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റൊരു ചിഹ്നത്തിനും ഇതുവരെ ഇല്ലാത്ത തിളക്കവുമായി 'ചൂൽ' ഗുജറാത്തിലേക്കെത്തുമ്പോൾ ആ പാർട്ടിയുടെ വളർച്ചയും പരിശോധിക്കപ്പെടേണ്ടതാണ്.

'ദരിദ്രരായ ജനങ്ങൾക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളെ ഫ്രീ ബീസ് എന്ന് വിളിക്കരുത് ' ആം ആദ്മി പാര്‍ട്ടി

ഷീല ദീക്ഷിതിന്‍റെ വെല്ലിവിളി തൂത്തുകളഞ്ഞ ചൂല്

എന്താണ് ഈ ആം ആദ്മി പാർട്ടി..? അതൊക്കെയൊരു രാഷ്ട്രീയ പാർട്ടിയാണോ? ആരാണ് ഇവരെ മുഖവിലയ്ക്കെടുക്കുക?  രാഷ്ട്രീയ തഴക്കവും പഴക്കവും നൽകിയ ആത്മവിശ്വാസത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ മുഖ്യമന്ത്രി കസേരയിലിരുന്ന് ഒമ്പത് വർഷം മുമ്പ് ഷീലാ ദീക്ഷിത് ചോദിച്ചത് ഇങ്ങനെയായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ പതിറ്റാണ്ടുകളുടെ തഴമ്പുമായി അങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ദില്ലിയുടെ ഒരു കാലത്തെ ജനകീയ മുഖ്യമന്ത്രി ഒരിക്കലും അതൊരു വാവിട്ട വാക്കായി മാറുമെന്ന് കരുതിക്കാണില്ല. ഇന്ദ്രപ്രസ്ഥത്തിലെ അധികാര വഴികളിൽ രൂപം കൊള്ളുന്ന രാഷ്ട്രീയ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് അന്ന് ഷീലാ ദീക്ഷിതിന് കാണാനായില്ല.

ഷീലാ ദീക്ഷിതിന്‍റെ പരിഹാസങ്ങൾക്ക് നടുവിലായിരുന്നു ദില്ലിയിൽ ആം ആദ്മി പാർട്ടി പ്രവർത്തനം തുടങ്ങിയത്. ഒരു കൊല്ലത്തിനുള്ളിൽ ദില്ലി ഭരണം പിടിച്ചാണ് ആം ആദ്മി പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ചത്. രാഷ്ട്രീയ പാർട്ടിയല്ലെന്ന് പരിഹസിച്ചവർക്ക് മുന്നിലൂടെ 28 സീറ്റുകളിലെ വിജയവുമായാണ് അവർ ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറിയത്. ഒന്നര പതിറ്റാണ്ട് ദില്ലി ഭരിച്ച ഷീലാദീക്ഷിതടക്കം പ്രമുഖർ തിരിച്ചുവരാത്ത വിധം അടിതെറ്റി വീണു. തൊട്ടടുത്ത വ‍ർഷം 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ എ എ പി ചുഴലിക്കാറ്റായി മാറുകയായിരുന്നു. 70 ൽ 67 ഉം ആപ്പ് അടിച്ചു വാരിയെടുത്തപ്പോൾ ആ ക്ഷീണത്തിൽ ഇരിക്കാൻ പോലും കോൺഗ്രസിനൊരു സീറ്റ് കിട്ടിയില്ല. 2020 ലും 62 സീറ്റിന്‍റെ വമ്പൻ വിജയം തന്നെയായിരുന്നു ആപ്പ് സ്വന്തമാക്കിയത്.

പഞ്ചാബിനെയും ഞെട്ടിച്ച ചൂൽ

തൂത്തുവാരുന്ന കൊടുംകാറ്റ് പഞ്ചാബിലാണ് പിന്നീട് കണ്ടത്. മുൻ മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർസിംഗടക്കം നിരവധി പ്രമുഖരാണ് ആപ്പിന്‍റെ കൊടുങ്കാറ്റിന് മുന്നിൽ നിലതെറ്റി വീണത്. മുഖ്യമന്ത്രിയായിരുന്ന ഛന്നിക്കും അടിതെറ്റി. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്ന കളിക്കാരനും പി സി സി അധ്യക്ഷനുമായ സിദ്ദുവിന്‍റെ അവസ്ഥയും പരിതാപകരമായിരുന്നു. വിജയിക്കുന്ന ഇടം അടിയോടെ മാന്തി, പ്രമുഖരെ കടപുഴകി എറിഞ്ഞാണ് 2013 മുതലിങ്ങോട്ട് ആപ്പ് ശക്തികൂട്ടുന്നത്. കിട്ടിയ ഇടങ്ങളൊന്നും പിന്നീട് വിട്ടുകൊടുത്തിട്ടില്ലെന്നത് എ എ പിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.

രാഷ്ട്രീയ പ്രവ‍ർത്തനത്തിലെ വേറിട്ട ശൈലി

പ്രധാന തീരുമാനങ്ങൾക്ക് മുൻപ് ഹിതപരിശോധനനടത്തി പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്നതാണ് ആംആദ്മി പാർട്ടിയുടെ  വേറിട്ട രീതി. 2013 ൽ  ദില്ലി ഭരിക്കാൻ കോൺഗ്രസ് പിന്തുണ തേടണോയെന്നതിൽ ഹിത പരിശോധന നടത്തിയായിരുന്നു തീരുമാനമെടുത്തത്. ആരാകണം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടത് എന്ന കാര്യത്തിലും എ എ പി ജനഹിതം പരിശോധിക്കാറുണ്ട്. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത്മനിനെ പ്രഖ്യാപിച്ചത് പോലും ജനഹിതം മാനിച്ചായിരുന്നു.

കോൺഗ്രസിന് എന്നും 'ആപ്പ്'

ആപ്പിന്‍റെ വളർച്ചയിൽ വ്യക്തമാകുന്ന മറ്റൊരു ചിത്രം കൂടിയുണ്ട്. അത് കോൺഗ്രസിന്‍റെ പതനത്തിലേക്കുള്ള ആണിയാണെന്നതാണ്. 2013 ൽ ദില്ലിയിൽ കോൺഗ്രസിന്‍റെ പതനത്തിന് തുടക്കമിട്ട ആദ്യത്തെ ആണിയാണ് ചുലുകൊണ്ട് അവ‍ർ അടിച്ചുറപ്പിച്ചത്. പിന്നീടിതുവരെ ഇന്ദ്രപ്രസ്ഥത്തിൽ കോൺഗ്രസ് പച്ച പിടിച്ചിട്ടില്ല. പഞ്ചാബിലെ ഫലവും കോൺഗ്രസിന് വലിയ തിരിച്ചടിയായതിന് പിന്നിലെ കാരണം എ എ പിയുടെ ചൂല് തന്നെ. അന്ന് തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനം പഞ്ചാബായിരുന്നു. പഞ്ചാബ് കൂടി 'കൈ' വിട്ടതോടെ പാർട്ടിക്കകത്ത് നേതാക്കൾ വലിയ വിമർശനമാണ് നേരിട്ടത്. ഇപ്പോൾ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് കൂടി ആപ്പാകുകയാണ് കെജ്രിവാളിന്‍റെ പാർട്ടി. കഴിഞ്ഞ തവണ അധികമല്ലാത്ത ദൂരത്തുവച്ച് ഭരണം നഷ്ടമായ കോൺഗ്രസ് ഇക്കുറി തിരിച്ചുവരവ് സ്വപ്നം കാണുന്നുണ്ട്. എന്നാൽ എ എ പി ശക്തമായ പോരാട്ടം കാഴ്ചവെച്ചാൽ കോൺഗ്രസ് സ്വപ്നത്തിന് അത് ആപ്പാകുമെന്നുറപ്പാണ്. ഭരണ വിരുദ്ധ വികാരമുള്ള വോട്ടുകളുണ്ടെങ്കിൽ അത് ചിതറിപോകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. എന്തായാലും ഗാന്ധി പിറന്ന നാട്ടിൽ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടിവരും.

Follow Us:
Download App:
  • android
  • ios