Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ കോൺഗ്രസ് വിയർക്കുന്നു; ജ്യോതിരാദിത്യ ക്യാമ്പിലെ 19 എംഎൽഎമാരെ കടത്തി

ബെംഗളുരുവിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എംഎൽഎമാരെ വൈകിട്ടോടെ സിന്ധ്യ കടത്തിയത് സമ്മർദ്ദനീക്കത്തിന്‍റെ ഭാഗമായാണ്. ബിജെപി മുൻമുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ പാർട്ടി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നതും ശ്രദ്ധേയം.

madhyapradesh political crisis jyotiraditya scindia whisked mlas away to bengaluru live updates
Author
Bhopal, First Published Mar 9, 2020, 10:15 PM IST

ഭോപ്പാൽ/ ബംഗളുരു: മധ്യപ്രദേശിൽ ആടിയുലഞ്ഞ് നിൽക്കുന്ന കമൽനാഥ് സർക്കാരിന് പുതിയ തലവേദന. പാർട്ടിയിൽ കമൽനാഥിന് വെല്ലുവിളിയായി നിൽക്കുന്ന യുവനേതാവ് ജ്യോതിരാദിത്യസിന്ധ്യ സ്വന്തം ക്യാമ്പിലെ 19 എംഎൽഎമാരെ ബെംഗളുരുവിലേക്ക് കടത്തി. കുതിരക്കച്ചവടം ഭയന്ന് എല്ലാ എംഎൽഎമാരെയും സർക്കാരിനെ താങ്ങി നിർത്തുന്ന സ്വതന്ത്രരെയും 'ഐസൊലേഷൻ വാർഡി'ലേക്ക് മാറ്റിയ കോൺഗ്രസ് ചാടിപ്പോയ എംഎൽഎമാരെ കാണാതെ, ഒരു വിവരവും കിട്ടാതെ വിയ‍ർത്തു. ഒടുവിലാണ് ചാർട്ടേഡ് വിമാനത്തിൽ ഈ എംഎൽഎമാരെ ബംഗളുരുവിലേക്ക് മാറ്റിയെന്ന് വിവരം കിട്ടിയത്. 

എട്ട് എംഎൽഎമാരെ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ബിജെപി 'തടങ്കലിൽ വച്ചു'വെന്ന് കോൺഗ്രസ് ആരോപിക്കുകയും ഇതിൽ നാല് പേരെ തിരികെ ചാടിച്ചുകൊണ്ടുവരികയും ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് കോൺഗ്രസിന്‍റെ ഉറച്ച നേതാവ് സിന്ധ്യ തന്നെ സ്വന്തം എംഎൽഎമാരെ ദുരൂഹമായി കടത്തിക്കൊണ്ടുപോയിരിക്കുന്നത്.

ഇത്ര പെട്ടെന്ന്, ഇത്ര വലിയൊരു നീക്കം സിന്ധ്യ നടത്തിയതിന് പിന്നിൽ സ്ഥാനമാനങ്ങൾ പാർട്ടിയിൽ കിട്ടാത്തതിലുള്ള അദ്ദേഹത്തിന്‍റെ അതൃപ്തിയോ, വിലപേശലോ മാത്രമല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. സംസ്ഥാനഘടകം പിളർത്തി 19 എംഎൽഎമാരെ സിന്ധ്യ ബിജെപിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. 

സർക്കാർ പ്രതിസന്ധിയിലായതിന് പിന്നാലെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ പാർട്ടി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നതും ശ്രദ്ധേയമാണ്.

ചെറിയ മീനുകളല്ല ഇത്തവണ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ചാടിപ്പോയിരിക്കുന്നത്. മധ്യപ്രദേശിലെ കോൺഗ്രസിന്‍റെ മുഖങ്ങളിലൊരാളായ ശക്തനായ നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ബ്രിഗേഡിലെ പ്രമുഖരിലൊരാൾ. സിന്ധ്യയുടെ ക്യാമ്പിൽ അഞ്ച് മന്ത്രിമാരടക്കമുണ്ട്.  ആരോഗ്യമന്ത്രി തുൾസി സിലാവത്ത്, തൊഴിൽമന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ, ഗതാഗതമന്ത്രി ഗോവിന്ദ് സിംഗ് രാജ്പുത്, വനിതാശിശുക്ഷേമമന്ത്രി ഇമാർതി ദേവി, ഭക്ഷ്യവകുപ്പ് മന്ത്രി പ്രദ്യുമ്ന സിംഗ് തോമർ, വിദ്യാഭ്യാസമന്ത്രി ഡോ. പ്രഭുര ചൗധരി എന്നിവർ അടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്.

മന്ത്രിമാരെയടക്കം കാണാതായ സാഹചര്യത്തിൽ മുഖ്യമന്ത്രി കമൽനാഥ് അടിയന്തരമായി പാർട്ടി യോഗം വിളിച്ചുചേർത്തു. ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്. പാർട്ടി പിസിസി അധ്യക്ഷസ്ഥാനം സിന്ധ്യയ്ക്ക് നൽകാമെന്ന സമവായഫോർമുല കമൽനാഥ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത് അദ്ദേഹം അംഗീകരിക്കുമോ എന്നതിൽ ഒരു വ്യക്തതയുമില്ല. 

പാർട്ടി യോഗത്തിൽ അനുനയനീക്കങ്ങൾ പാളിയതോടെ അടിയന്തരമായി രാത്രി ക്യാബിനറ്റ് യോഗം വിളിച്ചുചേർത്തിരിക്കുകയാണ് കമൽനാഥ്. കമൽനാഥിന്‍റെ വസതിയിൽ അടിയന്തരക്യാബിനറ്റ് യോഗം തുടങ്ങിക്കഴിഞ്ഞു. നിർണായകമായ വകുപ്പുകൾ വഹിക്കുന്ന അഞ്ച് മന്ത്രിമാരില്ലാതെ. 

231 അംഗനിയമസഭയാണെങ്കിലും, രണ്ട് എംഎൽഎമാർ മരിച്ചതിനാൽ, നിലവിൽ 228 അംഗങ്ങൾ മാത്രമാണ് നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന്‍റെ അംഗബലം 114 ആണ്. ബിജെപി 107. ബാക്കിയുള്ള ഒമ്പത് സീറ്റുകളിൽ രണ്ടെണ്ണം ബിഎസ്‍പിയുടേതാണ്. എസ്‍പിക്ക് ഒരു എംഎൽഎയുണ്ട്. നാല് സ്വതന്ത്രരാണ് ബാക്കിയുള്ളവർ.

അതായത് കേവലഭൂരിപക്ഷമായ 114-ൽ കഷ്ടിച്ച് അടിയുറപ്പിച്ച് നിൽക്കുകയാണ് കമൽനാഥ് സർക്കാർ. ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, സർക്കാർ തവിടുപൊടി. 

Follow Us:
Download App:
  • android
  • ios