പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞു, കളിയാക്കുന്നു; കള്ളാക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ്

By Web TeamFirst Published Jul 19, 2022, 11:19 AM IST
Highlights

എല്ലാവരോടും താൻ പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞു, എല്ലാവരും എന്നെ കളിയാക്കുന്നു. രസതന്ത്രത്തിൽ കുറേ സമവാക്യങ്ങളുണ്ട്, അത് പഠിക്കാൻ കഴിയുന്നില്ല. 

ചെന്നൈ: കള്ളാക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കെമിസ്ട്രി, കണക്ക് അധ്യാപകർ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്. എല്ലാവരോടും താൻ പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞു, എല്ലാവരും എന്നെ കളിയാക്കുന്നു. രസതന്ത്രത്തിൽ കുറേ സമവാക്യങ്ങളുണ്ട്, അത് പഠിക്കാൻ കഴിയുന്നില്ല. കണക്ക് മിസ് തന്നെ മാത്രമല്ല പല കുട്ടികളെയും പഠിക്കാത്തതിന് വഴക്ക് പറയാറുണ്ട്. തന്റെ ഫീസ് അമ്മക്ക് മടക്കി നൽകണമെന്നും കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 

അതിനിടെ, കള്ള കുറിച്ചിയിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ  റീ പോസ്റ്റുമാര്‍ട്ടം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ്  സ്റ്റേ ചെയ്യണമെന്ന  ആവശ്യം സുപ്രീം കോടതി തള്ളി. തങ്ങൾ നിർദ്ദേശിക്കുന്ന ഡോക്ടറെ കൂടി പോസ്റ്റ്‌മോർട്ടം സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ അച്ഛനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാനാകില്ല എന്ന്  അറിയിച്ച കോടതി വിഷയം ഹൈക്കോടതി തീർപ്പാക്കിയതാണ് എന്നും  ചൂണ്ടികാട്ടി.  ഹൈക്കോടതി നടപടികളിൽ വിശ്വാസമില്ലേ എന്ന് ഹർജിക്കാരനോട് ആരാഞ്ഞ കോടതി ആവശ്യമെങ്കിൽ കേസിൽ നാളെ വാദം കേൾക്കാമെന്ന് വ്യക്തമാക്കി.

കള്ളാക്കുറിച്ചിയിലെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 328 ആയി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 500 പൊലീസ് കമാൻഡോമാരടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കള്ളാക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറിയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പാളിനേയും ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് ചെയ്തിരുന്നു. 

Read Also: കള്ളക്കുറിച്ചി പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രിൻസിപ്പാളും രണ്ട് അധ്യാപകരും അറസ്റ്റിൽ

തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമാവുകയായിരുന്നു. 

തമിഴ്നാടിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും കൊള്ളിവയ്പ്പുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കള്ളാക്കുറിച്ചിയിൽ നടന്നത്. പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകൾ അക്രമികൾ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തകർത്തു. പാഠപുസ്തകങ്ങളും സ്കൂൾ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങൾ ചിലർ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍  നിരവധി സമരക്കാർക്കും ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതിലേറെ പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസെത്തിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്. 
 

click me!