
ദില്ലി: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തോടെ നടക്കുന്ന പുനസംഘടനയില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാവശ്യം. സംഘടനാ തലപ്പത്തടക്കം സമഗ്ര മാറ്റം വേണമെന്ന ആവശ്യം ഇന്ന് നടന്ന സമിതി യോഗങ്ങളും ഉന്നയിച്ചു. സംഘടന രംഗത്ത് സമഗ്രമായ മാറ്റം, പുതിയ ആശയങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടല്‍ എന്നിവയാണ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഉന്നമിടുന്നത്. ആറ് സമിതികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച നടത്തി പൊതു തീരുമാനത്തിലെത്തി മുന്‍പോട്ട് പോകാനാണ് ധാരണ.
ചിന്തന്‍ ശിബരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശും രാജസ്ഥാനുമാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്. ശിബിരത്തോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത അവസാനിച്ചാല്‍ രാജസ്ഥാനില്‍ ഭരണം തുടരാനാകുമെന്നാണ് പ്രതീക്ഷ. കമല്‍നാഥിനെ ദേശീയ തലത്തില്‍ എത്തിച്ച് മധ്യപ്രദേശിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലുണ്ട്.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നും, അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് സോണിയ ഗാന്ധി ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ കമല്‍നാഥ് അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹം ഒരു വേള ശക്തമായിരുന്നു. ശിബിരത്തോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ കമല്‍നാഥിനെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കണമെന്നും രാഹുല്‍ ക്ഷണം നിരസിച്ചാല്‍ അധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പ് 23 നേതാക്കളുമായി കമല്‍നാഥ് അടുത്ത ബന്ധം പുലര്‍ത്തുന്നതും പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷ കമല്‍നാഥ് അനുകൂലികള്‍ ഉന്നയിക്കുന്നു.
അതേ സമയം നാനൂറ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിക്കാത്തതില്‍ ചില നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വവുമായി സ്ഥിരം അടുപ്പം പുലര്‍ത്തുന്ന നേതാക്കള്‍, എംപിമാര്‍, സംസ്ഥാന അധ്യക്ഷന്മാര്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ക്കാണ് ക്ഷണം. ഇക്കൂട്ടര്‍ സ്ഥിരം നിര്‍ദ്ദേശങ്ങള്‍ മുന്‍പോട്ട് വച്ചിട്ടും പാര്‍ട്ടിക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ലല്ലോയെന്നും പുതിയ ആശയങ്ങള്‍ തേടാനുള്ള വിമുഖതയാണ് പ്രകടമാകുന്നതെന്നുമാണ് ക്ഷണം ലഭിക്കാത്തവരുടെ പരിഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam