
കാസർകോട്: വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി റിപ്പോർട്ട്. കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. മഹാദേവപുര അടങ്ങുന്ന ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലെ പൊരുത്തക്കേടുകൾ രാഹുൽഗാന്ധി പുറത്തുവിട്ടതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ നീക്കം. രാഹുൽ ഗാന്ധി പുറത്തുവിട്ട വിവരങ്ങൾ അടക്കം നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി. അന്വേഷണം തുടങ്ങിയതായി കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയെന്നും രേഖകൾ നൽകണമെന്നും കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസർ കെ അൻപുകുമാർ ആവശ്യപ്പെട്ടു. നൽകിയ നിവേദനത്തിന് അനുബന്ധമായ രേഖകൾ നൽകാൻ കെപിസിസിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. നിവേദനത്തിന് തെളിവായ രേഖകൾ നൽകിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നുണ്ട്. തെറ്റായി വിവരങ്ങൾ നൽകുന്നത് കുറ്റകരമാണെന്ന് മനസ്സിലാക്കുന്നു എന്ന് എഴുതി ഒപ്പിട്ടു തരാനും നിർദ്ദേശം നൽകി. അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതായി അറിയിച്ചെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വ്യക്തമാക്കി.