
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,42,417 ആയി. ഇന്ന് മാത്രം 22,752 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 482 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 20,642 ആയി. അതേസമയം, രോഗമുക്തി നിരക്ക് 61.5 ശതമാനമായി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ഇന്ന് 6603 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,23,724 ആയി. ഇന്ന് 198 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് മരണം 9448 ആയി.
കർണാടകയിൽ ആദ്യമായി രണ്ടായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. ഇന്ന് 2062 പേർക്ക് രോഗം സ്ഥിരീകരിച്ചു. 54 പേർ കൊവിഡ് മൂലം ഇന്ന് മരിച്ചു. ഇതോടെ ആകെ മരണം 470 ആയി. ബംഗളുരുവിൽ മാത്രം ഇന്ന് 1148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 28,877 പേർക്കാണ് ഇതുവരെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്.16527 പേർ നിലവിൽ ചികിത്സയിലുണ്ട്.
ബംഗളുരുവിൽ കൊവിഡ് ബാധിച്ചു മരിച്ചവരിൽ ഒരാൾ മലയാളിയാണ്. എസ്ഡി പാളയം ഭാരതി നഗറിൽ താമസക്കാരനായ തൃശൂർ പാവറട്ടി സ്വദേശി പിടി റോയ് ഫിലിപ്പ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോയ് ഫിലിപ്പിന്റെ ഭാര്യയും കൊവിഡ് ബാധിച്ചു ചികിത്സയിലാണ്. ഇതോടെ കർണാടകത്തിൽ രോഗം ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.
തെലങ്കാനയിൽ ഇന്ന് രണ്ടായിരത്തിനടുത്തു കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1924 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 11 മരണം ഉണ്ടായി. ഇതോടെ ആകെ മരണം 324 ആയി. ഹൈദരാബാദിൽ മാത്രം 1590 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 29536 ആയി. നിലവിൽ രാജ്യത്തു ഏറ്റവും കുറവ് പരിശോധനകൾ നടക്കുന്നതും , കൂടുതൽ രോഗ വ്യാപന തോത് ഉള്ളതുമായ സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam