കെനിയയിലെ വാഹനാപകടം: യെല്ലോ ഫീവർ വാക്സിൻ വേണമെന്ന നിബന്ധനയിൽ മുഖ്യമന്ത്രി ഇടപെട്ടു, മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

Published : Jun 14, 2025, 06:38 PM ISTUpdated : Jun 14, 2025, 06:40 PM IST
Kenya accident

Synopsis

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടൽ മൂലം കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും. യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതിനാലാണ് മൃതദേഹം കൊണ്ടുവരുന്നതിലെ തടസം നീങ്ങിയത്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഇതിലേക്ക് നയിച്ചത്. 

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാളെ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (‌ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. കെനിയയിൽ നിന്നും കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇടപെടിലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനാവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി അടിയന്തിര ഇടപെടൽ നടത്തി. ഇതേത്തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നൽകുകയായിരുന്നു.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും. ഇവിടെ നിന്നും മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും. ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്