
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന് പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിച്ചു. മംഗളൂരുവിലെ കെ.എസ്. റാവു റോഡിലുള്ള സിറ്റി സെന്റർ മാളിൽ പ്രവർത്തിക്കുന്ന കെഎഫ്‌സി ഔട്ട്‌ലെറ്റിലാണ് റെയ്ഡ് നടന്നത്. പരിശോധനയ്ക്ക് ശേഷം സ്ഥാപനത്തിന്റെ ഗോഡൗൺ ഉദ്യോഗസ്ഥർ സീൽ ചെയ്തു.
ഓൺലൈൻ ഡെലിവറി ആപ്പ് വഴി താൻ കെഎഫ്‌സിയിൽ നിന്ന് ഓർഡർ ചെയ്ത 'ചിക്കൻ പെരി പെരി ലെഗ്' എന്ന ഭക്ഷണം ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന് ആരോപിച്ച് ഉപഭോക്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. മംഗളൂരു മുൻ മേയറും ബിജെപി നേതാവുമായ കവിതാ സനിലിന്റെ കുട്ടിക്കായി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ കിച്ചൺ, സ്റ്റോർ റൂം, കോൾഡ് സ്റ്റോറേജ്, ഡീപ്പ് ഫ്രീസർ തുടങ്ങിയവ വിശദമായി പരിശോധിച്ചു. പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചിയുടെ സാമ്പിളുകൾ ഇവിടെ നിന്ന് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
സാമ്പിളുകൾ വിശദമായ രാസപരിശോധനയ്ക്കായി മൈസൂരുവിലെ ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാ ഫലം പുറത്തുവന്ന ശേഷം എഫ്എസ്എസ്എഐ ചട്ടപ്രകാരം കൂടുതൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി. കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലും ആശുപത്രി കിച്ചണുകളിലും നടത്തിയ പരിശോധനകളിൽ പഴകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam