
ദില്ലി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു ശേഷവും പരസ്പരം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി മണിപ്പൂരിലെ കുക്കി മെയ്തെയ് സംഘടനകൾ. പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണം എന്ന ആവശ്യം ശക്തമാക്കുകയാണ് കുക്കി സംഘടനകൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എന്നു മടങ്ങാനാകും എന്ന ഉറപ്പ് പ്രധാനമന്ത്രിക്ക് നല്കാനായില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനം വലിയ പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞത് കേന്ദ്രത്തിന് ആശ്വാസമായെങ്കിലും ഇതെന്ത്ര ഫലം ഉണ്ടാക്കുമെന്നതിൽ ആശങ്ക തുടരുകയാണ്.
താഴ്വരയ്ക്കും കുന്നുകൾക്കും ഇടയിലെ അകൽച്ച കുറയ്ക്കണമെന്നും പരസ്പര വിശ്വാസം വളർത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം നല്കിയിരുന്നു. രണ്ടു പക്ഷത്തെയും ക്യാംപുകളിൽ കഴിയുന്നവരെ പ്രധാനമന്ത്രി ഒരു പോലെ കണ്ടു. എന്നാൽ രണ്ടു വിഭാഗങ്ങൾക്കും ഇടയിലെ ചർച്ചയ്ക്ക് ഇപ്പോഴും സാധ്യത തെളിഞ്ഞിട്ടില്ല. കുക്കി വിഭാഗത്തിലെ ബിജെപി എംഎൽഎമാരടങ്ങുന്ന നേതാക്കൾ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തിൽ പ്രത്യേക കേന്ദ്ര ഭരണപ്രദേശം എന്ന ആവശ്യം ആവർത്തിച്ചു. ഇനി അടുക്കാൻ കഴിയാത്ത വിധത്തിലാണ് ഭിന്നതയെന്നും അതിനാൽ ഒറ്റ സംസ്ഥാനമായി നില്ക്കാനാകില്ലെന്നും നിവേദനത്തിൽ പറയുന്നു. മണിപ്പൂരി സംസ്കാരവും വികാരവും മുറുകെ പിടിിക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനു ശേഷമാണ് കുക്കികൾ ഈ നിലപാട് ആവർത്തിക്കുന്നത്. ക്യാംപുകളിൽ കഴിയുന്നവർക്ക് വീടു വച്ച് നല്കുമെന്നും ഇവരെ സഹായിക്കാൻ 500 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും മോദി ഇന്നലെ പറഞ്ഞിരുന്നു.
എന്നാൽ വാഗ്ദാനങ്ങൾക്ക് പകരം ക്യാംപുകളിൽ ഉള്ളവരുടെ മടക്കം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചില പദ്ധതികൾക്ക് തുടക്കമിട്ടെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മോദിക്കായില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ് കുറ്റപ്പെടുത്തി. മോദിയുടെ സന്ദർശനത്തിൻറെ തുടർനീക്കങ്ങൾ ഗവർണ്ണർ അജയ്കുമാർ ഭല്ല വൈകാതെ തുടങ്ങും എന്നാണ് കേന്ദ്രം സൂചിപ്പിക്കുന്നത്.