സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും, 90 കുട്ടികൾ ആശുപത്രിയിലായി; രാജസ്ഥാനിൽ അന്വേഷണം

Published : Sep 14, 2025, 04:11 AM IST
students hospitalized rajasthan

Synopsis

രാജസ്ഥാനിലെ ദൗസയിലെ ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 90 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായും അധികൃതർ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദൗസ: ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രാജസ്ഥാനിലെ ദൗസ ജില്ലയിലെ സർക്കാർ സ്കൂളിലെ 90 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായും അധികൃതർ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ചുടിയാവാസ് ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിൽ ഉച്ചഭക്ഷണമായി ചപ്പാത്തിയും പച്ചക്കറിയും കഴിച്ച 156 വിദ്യാർത്ഥികളിൽ 90 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ നിരവധി കുട്ടികൾക്ക് വയറുവേദന, തലകറക്കം, ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ഇത് രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ ഒരു മെഡിക്കൽ സംഘം സ്കൂളിലെത്തി കുട്ടികൾക്ക് ചികിത്സ നൽകി. രോഗികളുടെ എണ്ണം കൂടിയതോടെ കുട്ടികളെ നംഗൽ രാജ്‌വതനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. അവിടെ നിന്ന് ചില വിദ്യാർത്ഥികളെ ഉന്നത ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. വൈകുന്നേരത്തോടെ 49 കുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കൈകാര്യം ചെയ്യാൻ കൂടുതൽ ഡോക്ടർമാരെയും നഴ്സിംഗ് ജീവനക്കാരെയും നിയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വൈകുന്നേരത്തോടെ എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രി സന്ദർശിച്ച ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ, കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടു. ഫുഡ് ഇൻസ്പെക്ടർ സ്കൂളിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കളക്ടർ പറഞ്ഞു.

മന്ത്രി കിറോരി ലാൽ മീണയും ബിജെപി നേതാവ് ജഗ്മോഹൻ മീണയും ജില്ലാ ആശുപത്രിയിലെത്തി കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സന്ദർശിച്ചു. കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ അവർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുകയും, സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കുമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, ഉച്ചഭക്ഷണം സാധാരണ പോലെയാണ് ഉണ്ടാക്കിയതെന്നും കഴിഞ്ഞ ദിവസം വരെ ഭക്ഷണത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ഇതേ മാവ് കൊണ്ടാണ് കഴിഞ്ഞ ദിവസവും ചപ്പാത്തി ഉണ്ടാക്കിയത്. ഇന്ന് വിളമ്പുന്നതിന് മുൻപ് രണ്ട് അധ്യാപകർ ഭക്ഷണം രുചിച്ചതായും സ്കൂൾ ജീവനക്കാർ പറഞ്ഞു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നൂറിലേറെ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി, സംഭവം 500 എണ്ണത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ
ഒരു ലൈസൻസ് നോക്കി ചിരിതൂകി രാഹുൽ, ആശ്ചര്യപ്പെട്ട് ജനം; മുത്തച്ഛന്‍റെ കളഞ്ഞുപോയ ഡ്രൈവിങ് ലൈസൻസ് വീണ്ടും ഗാന്ധി കുടുംബത്തിലെത്തി